തിരുവനന്തപുരം: വ്യാജ ലൈസൻസുമായി തോക്കുകൾ കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത കാഷ്മീർ സ്വദേശികളെ വിശദമായി ചോദ്യം ചെയ്യുന്നു. കേന്ദ്ര ഇന്റലിജൻസ്, മിലിട്ടറി ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
കാഷ്മീർ സ്വദേശികളായ ഷൗക്കത്തലി(27), ഷുക്കൂർ അഹമ്മദ് (21), മുഷ്താഖ് ഹസൈൻ (24), ഗുൽസൽമാൻ (22), മുഹമ്മദ് ജാവേദ് (23) എന്നിവരെയാണ് കരമന പോലീസ് ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ട റുകളിൽ പണം നിറയ്ക്കാൻ പോകുന്ന വാഹനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരായാണ് ഇവർ പ്രവർത്തിച്ച് വന്നിരുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് തോക്ക് ഉപയോഗിക്കുന്ന എല്ലാവരും ബന്ധപ്പെട്ട പോലീസ് സ്്റ്റേഷനുകളിൽ തോക്കുകൾ കൈമാറണമെന്നും ലൈസൻസ് ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു.ആ സമയത്ത് ഇവർ ലൈസൻസുകൾ മാത്രം പോലീസിന് നൽകിയ ശേഷം തോക്കുകൾ ഉപയോഗിക്കുകയായിരുന്നു.
ഇവരുടെ തോക്കുകളുടെ ലൈസൻസ് കാഷ്മീരിലെ രജൗറി എഡിഎമ്മിന് പോലീസ് അയച്ച് നൽകിയിരുന്നു. അവിടെ നിന്നും ലഭിച്ച റിപ്പോർട്ടിൽ തോക്ക് ലൈസൻസുകൾ വ്യാജമാണെന്ന് റിപ്പോർട്ട് ലഭിച്ചു. ഇതേ തുടർന്നാണ് അഞ്ച് പേരെയും പോലീസ് സ്റ്റേഷനിലേക്ക് തോക്കുകളുമായി ഹാജരാകാൻ നിർദേശിക്കുകയും അറസ്റ്റ് രേഖപ്പെടുത്തിയതും.
പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് തോക്കുകളും ഇരട്ടക്കുഴൽ തോക്കുകളായിരുന്നു. 25 റൗണ്ട് വെടിയുണ്ട കളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. തോക്കുകൾ എവിടെ നിന്നും ലഭിച്ചുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതികളോട് വിശദമായി അന്വേഷണ സംഘം ചോദിക്കുകയാണ്.
തോക്കുകൾ ബാലിസ്റ്റിക് പരിശോധനക്ക് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. സെക്രട്ടറിയേറ്റ്, പത്മനാഭസ്വാമിക്ഷേത്രം, നിയമസഭ, രാജ്ഭവൻ, ഐഎസ്ആർഒ, വിഎസ് എസ് സി, വിമാനത്താവളം എന്നീ തന്ത്ര പ്രധാനമായ സ്ഥലങ്ങളിൽ ഇവർ പോയിട്ടുണ്ടോ അവിടങ്ങളിലെ ചിത്രങ്ങൾ പകർത്തിയൊ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതികളോട് ചോദിക്കുകയാണ് .
മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് യുവാക്കളെ തിരുവനന്തപുരത്തെ സ്വകാര്യ കന്പനിയിലേക്ക് ജോലിക്ക് അയച്ചത്.