കൊല്ലങ്കോട്: സോഫ നിർമാണ സ്ഥാപന ത്തിൽ നിന്ന് 3.100 കിലോഗ്രാം കഞ്ചാവും, എയർപിസ്റ്റലും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടിയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമയായ യുവാവിനെ റിമാൻഡ് ചെയ്തു. കൊല്ലങ്കോട് പെരുമാൾകോവിൽ ഗ്രാമത്തിൽ വാടക മുറിയിൽ സോഫാസെറ്റ് അപ്ഹോൾസറി ജോലി ചെയ്യുന്ന കൊല്ലങ്കോട് താടനാറ വീട്ടിൽ സിബി എന്ന കൃഷ്ണൻകുട്ടിയെയാണ് (36)കൊല്ലങ്കോട് പോലീസ് അറസ്റ്റുചെയ്തത്.
ആലത്തൂർ ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ പതിനൊന്നിനു കൊല്ലങ്കോട് സിഐ കെ.പി.ബെന്നി നല്കിയ നിർദേശത്തെ തുടർന്ന് എസ്ഐ പി.ബി. അനീഷും സംഘവും നടത്തിയ പരിശോധനയിലാണു പികെഡി യുപി സ്കൂളിനു എതിർവശത്തുള്ള പെരുമാൾകോവിൽ ഗ്രാമത്തിൽ ക്ഷീരസഹകരണ സംഘത്തിന്റെ താഴെ ലൈനിൽ സിബി അപ്ഹോൾസറി വർക്ക് എന്ന സ്ഥാപനത്തിൽനിന്നും തലയണ ഉറയിൽ പൊതിഞ്ഞ നിലയിൽ ബിഗ് ഷോപ്പറിൽ സൂക്ഷിച്ച 3.100 ഗ്രാം കഞ്ചാവും എയർപിസ്റ്റലും കണ്ടെടുത്തത്.
ആന്ധ്രപ്രദേശിൽ നിന്നുള്ള കഞ്ചാവാണെന്നും ഇവ തമിഴ്നാട്ടിലെത്തിച്ച് ഉദുമൽപേട്ടയിലെ കച്ചവടക്കാരിൽനിന്നും വാങ്ങി കൊല്ലങ്കോട് മുതലമട, എലവഞ്ചേരി,പല്ലശന, കൊടുവായൂർ പ്രദേശങ്ങളിൽ വില്പനക്കാർക്ക് എത്തിച്ചുകൊടുക്കുന്നതു കൃഷ്ണൻകുട്ടിയാണെന്നാന്നും പോലീസിനു മൊഴി നല്‍കിയതായി എസ്ഐ പി.ബി.അനീഷ് പറഞ്ഞു. ഉദുമൽപേട്ടയിൽനിന്നു കൂടുതലായി വാങ്ങി ബസിൽ കടത്തിക്കൊണ്ടുവന്നു കൊല്ലങ്കോട് എത്തിയശേഷം ചെറുപൊതികളായായാണു വില്പന നടത്തുന്നത്.
വില്പനക്കാർക്ക് എത്തിച്ചു കൊടുക്കുന്ന സ്കൂട്ടിയും പോലീസ് കസ്റ്റഡിയിലെത്തു. ഭീഷണിപ്പെടുത്താനും മറ്റുമായി ഉപയോഗിക്കുന്ന പിസ്റ്റളും കണ്ടെടുത്തു. എട്ടുവർഷത്തോളമായി തമിഴ്നാട്ടിൽനിന്നു കഞ്ചാവുവാങ്ങി സ്കൂൾ പരിസരങ്ങളിലും മറ്റുകച്ചവടക്കാർക്കും വില്പന നടത്തി വരുന്നതായും ഇയാൾ പോലീ സിനോടു സമ്മതിച്ചു. ഗസ്റ്റ് ഓഫീസറായ കൊല്ലങ്കോട് വനം-വന്യജീവി വകുപ്പ് റേഞ്ചർ സതീഷിന്റെ സാന്നിധ്യത്തിൽ കഞ്ചാവ് തൂക്കംനോക്കി സാക്ഷ്യപ്പെടുത്തിയശേഷം സിബി എന്ന കൃഷ്ണൻകുട്ടി (38) അറസ്റ്റുചെയ്തു.
പ്രതി 2014ൽ പെണ്‍കുട്ടിക്കെതിരെ അതിക്രമം കാണിച്ചെന്ന പരാതിയിൽ 354 വകുപ്പുപ്രകാരം കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കഞ്ചാവ് വില്പനയ്ക്കു പുറമേ ഇയാൾക്കു പെണ്‍വാണിഭ ബന്ധമുള്ളതായും പറയുന്നു. കണ്ടെടുത്ത എയർപിസ്റ്റൾ എആർ ക്യാന്പിലെ ആംഡ് വിഭാഗം പരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ എസ്ഐ പി.ബി. അനീഷ് ജൂണിയർ എസ് ഐ കെ.ജി. ജയപ്രദീപ്, എഎസ്ഐ സുരേഷ് എസ്സിപിഒ വി. ചന്ദ്രൻ, സിപിഒമാരായ ജിജോ, ദിലീപ,് രതീഷ്, രാജേഷ് അയ്യപ്പജ്യോതി പങ്കെടുത്തു.