തൃശൂർ: നഗരമധ്യത്തിൽ സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവർക്കു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ വിമുക്തഭടനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശ്രീപത്മം വീട്ടിൽ അരുണ്‍കുമാർ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 19ന് ജില്ലാ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കേസിനാസ്പദമായ സംഭവമുണ്ടായത്.
കാർ ബസിനു കുറുകേയിട്ട് ചാടിയിറങ്ങിയ യാത്രക്കാർ ഡ്രൈവർക്കുനേരേ തോക്ക് ചൂണ്ടുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. തൃശൂർ-നെട്ടിശേരി റൂട്ടിലോടുന്ന അൻജു-അനു ബസിലെ ഡ്രൈവർ കൈനൂർ സ്വദേശി സുബ്രഹ്മണ്യനെയാണ് തോക്കു ചൂണ്ടി ഇയാൾ ഭീഷണിപ്പെടുത്തിയത്.
ഹോണ്‍ മുഴക്കിയിട്ട് ബസ് വശം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രോശം. ബസ് യാത്രക്കാർ ബഹളംവച്ചതോടെ ഇയാളടങ്ങുന്ന സംഘം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. ബസ് ഡ്രൈവറുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസിപി വാഹിദിന്റെ നിർദേശപ്രകാരം ഈസ്റ്റ് എസ്ഐ പി. മുരളീധരൻ, എഎസ്ഐ അനിൽകുമാർ, സിപിഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.