ചെറുപുഴ/തളിപ്പറന്പ്: പെരിങ്ങോത്ത് നിന്നു പിടികൂടിയ തോക്കുകൾ മികച്ച സാങ്കേതികവിദ്യയോടെ നിർമിച്ചവയെന്ന് അന്വേഷണ സംഘം. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം പെരിങ്ങോം എസ്ഐ മഹേഷ് കെ. നായർ, തളിപ്പറമ്പ് എസ്ഐ കെ. ദിനേശ്, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എൻ. ഗോപിനാഥ്, സുരേഷ് കക്കറ, കെ.വി. രമേശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തോക്കുകൾ പിടികൂടിയത്.
തോക്കുകൾ പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ കോടന്നൂർ മടക്കാംപൊയിൽ സ്വദേശികളായ ടി.വി.സൈനേഷ് (24), പി. നിധിൻ (21), അന്നൂക്കാരൻ വിനീഷ് (30), അന്നൂക്കാരൻ ഗോവിന്ദൻ (61), അരവഞ്ചാലിലെ പി.രമേശൻ (46) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും.
പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ ഓലയമ്പാടിക്ക് സമീപം കോടന്നൂർ, കാഞ്ഞിരപ്പൊയിൽ കോട്ടോൽ, കടംകുന്നിന്റെ വിവിധ ഭാഗങ്ങൾ, ചീമേനി വെളിച്ചംതോട്, പ്ലാന്റേഷൻ ഏരിയാ എന്നിവിടങ്ങളിലൊക്കെ ലൈസൻസില്ലാതെ തോക്കുകൾ സൂക്ഷിക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു.
മാസങ്ങൾക്ക് മുൻപ് കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനിടയിൽ അരവഞ്ചാലിന് സമീപം വീട്ടമ്മയ്ക്ക് വെടിയേറ്റിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ റെയ്ഡ് നടത്തി തോക്കുകൾ പിടിച്ചെടുത്തത്. ഇവർക്ക് തോക്ക് നിർമിച്ചു നൽകിയ ചീമേനി പള്ളിപ്പാറയിലെ ബാലകൃഷ്ണനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
തോക്ക് നിർമാണ വിദഗ്ദ്ധനായ ബാലകൃഷ്ണൻ കർണാടകയിലേക്ക് കടന്നതായിട്ടാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. 30,000 മുതൽ 40,000 വരെയാണ് ഒരു തോക്കിന് ഇയാൾ വാങ്ങിയിരുന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇയാൾ കർണാടകത്തിൽ വച്ചാണ് തോക്ക് നിർമിക്കുന്നതെന്നും സൂചനയുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേർക്ക് ബാലകൃഷ്ണൻ തോക്ക് നിർമിച്ചു നൽകിയതായി തെളിവു ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. ഏകദേശം നൂറിലധികം തോക്കുകൾ ബാലകൃഷ്ണൻ പലർക്കുമായി നിർമിച്ചു നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി പത്തോടെ പോലീസ് ഇയാളുടെ വീട്ടിൽ റെയിഡ് നടത്തിയെങ്കിലും പിടികൂടാനായില്ല. കർണാടക വനത്തിൽ ഉൾപ്പെടെ വേട്ട നടത്തുന്ന നിരവധി സംഘങ്ങൾ സജീവമായ ഈ പ്രദേശത്ത് നിന്ന് കൂടുതൽ തോക്കുകൾ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ ഇന്ന് പെരിങ്ങോം സ്റ്റേഷനിലെത്തി കൂടുതൽ അന്വേഷണങ്ങൾക്കും പരിശോധനകൾക്കും നേതൃത്വം നൽകും.