ശ്രദ്ധയോടെ കാർ ഓടിച്ചുകൂടെയെന്ന് ചോദിച്ചതേയുള്ളു; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാക്കൾ; ചാനൽ സംഘത്തിന് നാട്ടകത്ത് നേരിടേണ്ടിവന്നത്…


ചിങ്ങവനം: ചാനൽ സംഘത്തെ ‘പിസ്റ്റൾ ലൈറ്റർ’ ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പിടികൂടിയവർക്കെതിരെ ചിങ്ങവനം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

നാട്ടകം ചെട്ടിക്കുന്ന് സ്വദേശി ജിതിൻ സുരേഷ് (31), കൊല്ലം സ്വദേശി എസ്. അജേഷ്് ( 37) എന്നിവരെയാണ് പിടികൂടിയത്. ജിതിൻ സ്വന്തം വീട് അടിച്ചു തകർത്ത കേസിലെ പ്രതിയാണ്.

അജേഷിനെതിരെ കേസുകൾ ഉണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. ഇവരെ ഇന്നലെ പോലീസ് ജാമ്യത്തിൽ വിട്ടു.

ഓണ്‍ലൈൻ വിപണിയിൽ 250 രൂപ മുതൽ 1500 രൂപ വരെയുള്ള റേഞ്ചിൽ വാങ്ങാൻ കിട്ടുന്ന പിസ്റ്റൾ ലൈറ്റർ വച്ചായിരുന്നു യുവാക്കളുടെ തോക്കുചൂണ്ടൽ ഭീഷണി.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ നാട്ടകം സിമന്‍റ് കവലയിലുള്ള ഐശ്വര്യ ഹോട്ടലിന് മുൻവശത്തായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ന്യൂസ് ചാനൽ സംഘത്തിന്‍റെ കാറിനു നേരെ ഇടറോഡിൽ നിന്ന് എംസി റോഡിലേക്ക് പിന്നോട്ട് എടുത്ത അക്രമി സംഘത്തിന്‍റെ കാർ എത്തി.

ഈ സമയം ചാനൽ സംഘം തങ്ങളുടെ കാർ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ കാറിനുള്ളിൽ ഉണ്ടായിരുന്ന ഒരാൾ തോക്കുമായി ചാടിയിറങ്ങുകയും കാറിന് നേരെ എത്തി തോക്കു ചൂണ്ടി ഭീഷണി മുഴക്കുകയുമായിരുന്നു.

അപ്രതീക്ഷിത സംഭവത്തിൽ ഭയന്ന ചാനൽ സംഘം സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. തുടർന്ന് ചിങ്ങവനം എസ്എച്ച്ഒ ടി.ആർ. ജിജുവിനെ വിവരമറിയിച്ചു.

തുടർന്നു പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഇവരുടെ തലയിണക്കടിയിൽ നിന്നും തോക്കും പോലീസ് സംഘം കണ്ടെത്തി.

Related posts

Leave a Comment