കാട്ടാക്കട: കെഎസ്ആർടിസി ബസിൽ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇത് സംബന്ധിച്ച് കാട്ടാക്കട സിഐയ്ക്ക് അന്വേഷണചുമതലയും നൽകി.
വളരെ പഴയ മോഡൽ വെടിയുണ്ടയാണിത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇത് ആരുടെയെങ്കിലും കൈയിൽനിന്നു കളഞ്ഞുപോയതാണോ അതോ ഉപേക്ഷിച്ചതാണോ എന്നും കണ്ടെത്താനാകു എന്നും പോലീസ് വ്യക്തമാക്കി.
മൂക്കുന്നിമലയിലെ സൈനികഫയറിംഗ കേന്ദ്രത്തിലേക്കും അന്വേഷണം നടത്തും. ബുധനാഴ്ച ആണ് പാപ്പനംകോട് ഡിപ്പോയിലേ ജെ എൻ 488 ലോ ഫ്ളോർ ബസിൽ സീറ്റിനടിയിൽ നിന്നും യാത്രക്കാരിക്ക് വെടിയുണ്ട ലഭിച്ചത് .
കാലിൽ തടഞ്ഞ ഇരുമ്പ് കഷ്ണം എടുത്തു നോക്കിയപ്പോൾ ആണ് അതേ ബസിൽ ഉണ്ടായിരുന്ന പോലീസുകാരൻ ഇത് വെടിയുണ്ട ആണെന്ന് സ്ഥിരീകരിച്ചത്.
ബസ് അഞ്ചുതെങ്ങിൻമൂട്ടിൽ എത്തിയപ്പോൾ ആണ് സീറ്റിനടിയിൽ നിന്നും ഒരു യാത്രക്കാരി വെടിയുണ്ട എടുത്ത് കണ്ടക്ടർക്ക് കൈമാറിയത് .
കണ്ടക്ടർ പ്രശാന്ത് ഉടൻ തന്നെ കാട്ടാകടയിലും കൺട്രോൾ റൂമിലും വിവരം അറിയിച്ചു. തുടർന്ന് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി വെടിയുണ്ട ഏറ്റുവാങ്ങി.
വെടിയുണ്ട കാട്ടാക്കട പോലീസ് ബാലിസ്റ്റിക് വിദഗ്ധരെ വരുത്തി നടത്തിയ പരിശോധനയിൽ കേന്ദ്ര സേനകൾ മുൻകാലത്ത് ഉപയോഗിച്ചിരുന്ന ഇന്ത്യൻ നിർമിത 7.62 എം.എം. വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ കേസെടുത്ത് വെടിയുണ്ട കാട്ടാക്കട കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.