തിരുവനന്തപുരം: തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകൾ പരിശോധിക്കുക.
വെള്ളിയാഴ്ച പരിശോധനയ്ക്കായി തോക്കുകൾ എത്തിക്കണമെന്നു നിർദേശിച്ചെങ്കിലും പോലീസ് എത്തിച്ചു നൽകിയില്ല. മാവോയിസ്റ്റ് വേട്ട നടക്കുന്ന മലപ്പുറം, വയനാട് ജില്ലകളിലായി 44 റൈഫിളുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച എത്തിക്കാൻ കഴിയില്ലെന്നു പോലീസ് അറിയിച്ചത്.
തുടർന്ന് മാവോയിസ്റ്റ് മേഖലയിൽ അടക്കം ഉപയോഗിക്കുന്ന റൈഫിളുകൾ തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശിക്കുകയായിരുന്നു.
അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്നാണു സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമാണു നടക്കുന്നത്.
ഒരു വർഷം മുൻപു തുടങ്ങിയ അന്വേഷണം നിലച്ച മട്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാൻ അടക്കമുള്ളവർ വെടിയുണ്ടകൾ കാണാതായ കേസിൽ പ്രതിസ്ഥാനത്തുണ്ട്.