സീയൂൾ: ഉത്തരകൊറിയയിൽനിന്ന് ദക്ഷിണകൊറിയയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കവേ വെടിയേറ്റ പട്ടാളക്കാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. രക്ഷപ്പെടുത്താനാകുമെന്ന പ്രത്യാശ ദക്ഷിണകൊറിയൻ ഡോക്ടർമാർ പ്രകടിപ്പിച്ചു.
ഇരു കൊറിയകൾക്കും ഇടയിലുള്ള പാൻമുൻജോമിൽ തിങ്കളാഴ്ചയാണ് അത്യപൂർവ സംഭവം അരങ്ങേറിയത്. പട്ടാളവണ്ടിയിലെത്തിയ സൈനികൻ ദക്ഷിണകൊറിയാ ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു.
ഉത്തരകൊറിയൻ പട്ടാളക്കാർ തുരുതുരാ വെടിയുതിർത്തു. വണ്ടി നിയന്ത്രിക്കാൻ പറ്റാതായപ്പോൾ സൈനികൻ ഇറങ്ങിയോടി. നാല്പതു വട്ടം ഇയാൾക്കു നേർക്കു വെടിവയ്ക്കപ്പെട്ടുവെന്നു ദക്ഷിണകൊറിയൻ വൃത്തങ്ങൾ പറഞ്ഞു. ആറെണ്ണം ശരീരത്തിൽ തറച്ചു. ദക്ഷിണകൊറിയൻ ഭാഗത്തെ ഒരു കെട്ടിടത്തിൽ അഭയം തേടിയ സൈനികനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ആന്തരാവയവങ്ങൾക്കു ഗുരുതര ക്ഷതമുണ്ട്. നിരവധി ശസ്ത്രക്രിയകൾ നടത്തി. അപകടനില തരണം ചെയ്തിട്ടില്ല.
ഉത്തരകൊറിയൻ പട്ടാളക്കാർ കൂറുമാറി ഒളിച്ചോടുന്നത് അപൂർവ സംഭവമാണ്. പാൻമുൻജോനിൽ വിന്യസിക്കുന്ന എലീറ്റ് സേനാ വിഭാഗത്തിൽ പെട്ടയാളല്ല ഇയാളെന്ന് അനുമാനിക്കുന്നു.