സോണിപത്: ഹരിയാനയിലെ സോണിപതിൽ ആറു മാസം ഗർഭിണിയായ സഹോദരിയെ യുവാവ് വെടിവച്ചു കൊന്നു. ഭാര്യാസഹോദരനെ വിവാഹം കഴിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. സോണിപതിലെ ലാതിലാണ് സംഭവം. പ്രതി വിക്രമും (35) രണ്ട് കൂട്ടാളികളും കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞു.
ചാപ്പാർ സ്വദേശിയായ വിക്രം ലാതിൽനിന്നാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷം വിക്രമിന്റെ സഹോദരി നിക്കോ ഭാര്യാസഹോദരൻ ദീപക്കുമായി പ്രണയത്തിലായി. ഇവരുടെ ബന്ധം വിക്രമിന്റെ കുടുംബം എതിർത്തു. എന്നാൽ വിലക്ക് വകവെയ്ക്കാതെ മൂന്നു വർഷം മുമ്പ് ദീപക്കിനെ നിക്കോ വിവാഹം ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം ലാതിലെത്തിയ വിക്രമും സുഹൃത്തുക്കളും നിക്കോയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഉറങ്ങിക്കിടന്ന നിക്കോയുടെ കഴുത്തിലാണ് നിറയൊഴിച്ചത്. അയൽവാസികൾ ഉടൻ തന്നെ നിക്കോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.