ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ വെടിയുതിർത്ത് പരിക്കേൽപ്പിച്ച ശേഷം കടന്നു കളയാൻ ശ്രമിച്ചയാളെ പോലീസ് ഉദ്യോഗസ്ഥൻ സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ചാർബാഗിലാണ് സംഭവം നടന്നത്. പോലീസ് കോണ്‍സ്റ്റബിളായ അജിത്ത് യാദവിനാണ് വെടിയേറ്റത്.
ചെക്ക്പോസ്റ്റിനു സമീപം നിൽക്കുകയായിരുന്ന അജിത്ത് യാദവിന്റെ അടുക്കലെത്തിയ ആക്രമി പെട്ടന്ന് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായ നീക്കത്തിൽ പോലീസുദ്യോഗസ്ഥൻ പകച്ചു പോയെങ്കിലും തനിക്കേറ്റ പരിക്ക് അവഗണിച്ച് അക്രമിയെ സാഹസികമായി അദ്ദേഹം പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെ അജിത്ത് യാദവിന്റെ സഹപ്രവർത്തകനാണ് പിടികൂടിയത്.
പോലീസ് കസ്റ്റഡിയിലുള്ള ഇരുവരും അക്രമിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് പോലീസ് ഇപ്പോൾ. ശരീരത്തിന്റെ പുറകുവശത്ത് വെടിയേറ്റ അജിത്ത് യാദവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നത്.