ഫിലഡൽഫിയ: മാരക പ്രഹരശേഷിയുള്ള ഓട്ടോമാറ്റിക് റൈഫിളിൽ നിന്നും പാഞ്ഞുവന്ന 16 വെടിയുണ്ടകൾ ശരീരത്തിൽ തറച്ചിട്ടും നിലത്തുവീണ യുവാവ് അവിടെ നിന്നും എഴുന്നേറ്റ് രണ്ടു മൈൽ ദൂരെയുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ സംഭവം വൈദ്യശാസ്ത്രത്തേയും ഡോക്ടർമാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഫിലഡൽഫിയ കെൻസിംഗ്ടൺ പരിസരത്തു വച്ചായിരുന്നു ഇരുപത്തേഴുകാരന് വെടിയേറ്റത്. ഇടത്തെ ഇടുപ്പെല്ല്, നെഞ്ച്, ഷോൾഡർ, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് വെടിയുണ്ടകള്‍ തറച്ചതെന്ന് ഫിലഡൽഫിയ പോലീസ് വ്യക്തമാക്കി.
ടെംപിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കഴിയുന്ന യുവാവ് ഗുരുതരാവസ്ഥയിലാണെങ്കിലും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.സംഭവം നടന്ന സ്ഥലത്തു നിന്നും 23 ഷെല്ലുകൾ ലഭിച്ചതായും വെടിവച്ചുവെന്നു സംശയിക്കുന്ന വ്യക്തി അവിടെ നിന്നും കാറിൽ കയറി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. സമീപ പ്രദേശങ്ങളിലുള്ള കാമറകൾ പോലീസ് പരിശോധിച്ചുവരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ