കോട്ടയം: സ്ത്രീ സുരക്ഷ സജീവ ചർച്ചയായിരിക്കെ സംസ്ഥാനത്തു തോക്ക് കൈവശം വച്ചിരിക്കുന്ന ഏറ്റവും കൂടുതൽ വനിതകളുള്ളത് കോട്ടയത്ത്. 16 സ്ത്രീകളാണു കോട്ടയം ജില്ലയിൽ തോക്ക് കൈവശം വച്ചിരിക്കുന്നത്.സംസ്ഥാനത്തൊട്ടാകെ 30,000ലേറെ പേർ തോക്ക് ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. നിലവിൽ 16,000 പേർക്കു ലൈസൻസുണ്ട്.
ഒറ്റയ്ക്കു താമസിക്കുന്നവർ, എസ്റ്റേറ്റുകളിൽ കഴിയുന്നവർ, ഭീഷണി നേരിടുന്നവർ, വിദേശത്തുനിന്നു മടങ്ങിയവർ തുടങ്ങിയ മേഖലയിലുള്ളവരാണു തോക്ക് കൈവശം വയ്ക്കാൻ അപേക്ഷിച്ചിട്ടുള്ളവരിലേറെയും. സംസ്ഥാനത്തൊട്ടാകെ ആറു മാസത്തിനിടെ പുതുതായി തോക്കിന് അപേക്ഷിച്ചിട്ടുള്ളവരിൽ പകുതിയും സ്ത്രീകളാണ്. അപേക്ഷകരിൽ 70 ശതമാനത്തോളം പേർ പിസ്റ്റളിനാണു ലൈസൻസ് തേടുന്നത്. ഒരു ചലച്ചിത്രതാരത്തിന്റെ ഭാര്യ 2012ൽ സന്പാദിച്ച ലൈസൻസാണ് അവസാനമായി കോട്ടയത്തു നല്കിയത്.
കോട്ടയത്ത് 1492 പുരുഷന്മാരാണു തോക്ക് ലൈസൻസ് കൈവശപ്പെടുത്തിയത്. മലയോര മേഖലയായ ഇടുക്കിയാണ് സ്ത്രീകൾ തോക്ക് കൈവശം വച്ചിരിക്കുന്നവരിൽ രണ്ടാംസ്ഥാനം. എട്ടു വനിതകൾക്കാണു തോക്ക് ലൈസൻസ് ലഭിച്ചത്. 1335 പുരുഷന്മാർക്കും ഇടുക്കിയിൽ തോക്ക് ലൈസൻസ് ഉണ്ട്. മെട്രോപോളീറ്റൻ സിറ്റിയായ എറണാകുളത്തു നാലു സ്ത്രീകൾക്കും 3,200 പുരുഷന്മാർക്കും തോക്ക് ലൈസൻസുണ്ട്.
കാസർഗോട്ട് അഞ്ച് സ്ത്രീകൾക്കും 942 പുരുഷന്മാർക്കും തോക്കുണ്ട്. കോഴിക്കോട്ട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഓരോ വനിതയാണ് തോക്ക് കൈവശം വച്ചിരിക്കുന്നത്. വയനാട്ടിൽ 3,167 പുരുഷന്മാർ, മൂന്നു സ്ത്രീകൾ, പാലക്കാട്ട് 1371 പുരുഷന്മാരും രണ്ടു സ്ത്രീകളും ലൈസൻസ് കൈവശപ്പെടുത്തി. കോഴിക്കോട് 1110, കണ്ണൂർ 573, കൊല്ലം 715, മലപ്പുറം 702 എന്നിങ്ങനെ പുരുഷന്മാർ തോക്ക് സ്വന്തമാക്കി.
കൊല്ലത്ത് മൂന്നും മലപ്പുറത്തും നാലു സ്ത്രീകളും തോക്ക് കൈവശം വയ്ക്കുന്നുണ്ട്. പത്തനംതിട്ടയിൽ 541, തൃശൂർ 418, തിരുവനന്തപുരം 417 പുരുഷന്മാരും തോക്ക് കൈവശം വയ്ക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ് 140 പുരുഷന്മാർ. പത്തനംതിട്ടയിൽ രണ്ടും തിരുവനന്തപുരത്ത് മൂന്നും തൃശൂര് നാലും വനിതകൾ തോക്ക് സ്വന്തമാക്കിയിട്ടുണ്ട്.
ഒന്നരമാസത്തിനിടെ വനിത അപേക്ഷകരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും കണക്കുകൾ പുറത്തുവിടുന്നതിൽ നിയന്ത്രണങ്ങളുണ്ടെന്ന് ആർഡിഒ പറഞ്ഞു. അപേക്ഷ സമർപ്പിക്കുന്നവരുടെ ശാരീരിക, മാനസികസ്ഥിതി വിലയിരുത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ റിപ്പോർട്ടുകൾക്കു ശേഷം ജില്ലാ കളക്ടറാണു തോക്ക് ലൈസൻസ് നല്കുന്നത്.
അപേക്ഷകളിൽ ജില്ലാ പോലീസ് ചീഫ്, സിറ്റി പോലീസ് കമ്മീഷണർ തുടങ്ങിയവർ തയാറാക്കുന്ന റിപ്പോർട്ട് ആർഡിഒ പരിഗണിക്കും. മൂന്നു വർഷം കൂടുന്പോൾ ലൈസൻസ് പുതുക്കുകയും വേണം. 80 വയസുള്ള സ്ത്രീകളുടെ പേരിലും നിലവിൽ കോട്ടയത്തു ലൈസൻസുണ്ട്. തോക്ക് ലൈസൻസ് പുതുക്കാത്തവരും ഉപേക്ഷിക്കുന്നവരുമുണ്ട്.
-ജോമി കുര്യാക്കോസ്