പരിയാരം: നാടൻ തോക്കുകളുമായി തളിപ്പറമ്പിലെ രണ്ട് പ്രമുഖ വ്യാപാരികളേയും രണ്ട് സഹായികളേയും പരിയാരം പ്രിൻസിപ്പൽ എസ് ഐ വി.ആർ.വിനീഷ് അറസ്റ്റ് ചെയ്തു. മുൻ നഗരസഭാ കൗൺസിലറും ലീഗ് നേതാവും സയ്യിദ് നഗറിലെ സെഞ്ച്വറി ട്രേഡേഴ്സ് ഉടമയുമായ കെ.വി.മുഹമ്മദ് കുഞ്ഞി (48), സയ്യിദ് നഗറിൽ അജാസ് സൂപ്പർമാർക്കറ്റ് നടത്തുന്ന അള്ളാം കുളത്തെ സി.മുസ്തഫ (50), ഇവരുടെ സഹായികളായ അള്ളാം കുളത്തെ എം.മുഹമ്മദ് (58), കാരക്കുണ്ടിലെ മുഹമ്മദ് അൻഷാദ് (19) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 9.45 ന് അമ്മാനപ്പാറയിൽ വാഹനപരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. രണ്ട് ഒറ്റക്കുഴൽ തോക്കുകളും തിരകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കെഎൽ 59 എച്ച് 3437 സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടികൂടിയ തോക്കുകളിലൊന്ന് മുസ്തഫയുടെ ബന്ധു പുഷ്പഗിരിയിലെ അബ്ദുൾ സലാമിന്റേതാണെന്നും ഇതിന് ലൈസൻസുണ്ടെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. തങ്ങൾ നായാട്ടിനെത്തിയതാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.