പരിയാരം: നായാട്ട് സംഘത്തിന്റെ നാടന്‍ തോക്ക് പിടികൂടിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവായ സംഘത്തലവനെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടക്കുന്നതായി ആരോപണം. കഴിഞ്ഞ 28ന് രാത്രി 10.45ന് അമ്മാനപ്പാറയില്‍ വച്ച് പരിയാരം എസ്ഐ പി.ബാബുമോന് വാഹന പരിശോധന നടത്തവെയാണ് നാല് കഷണങ്ങളാക്കി സഞ്ചിയില്‍ സൂക്ഷിച്ച തോക്ക് കണ്ടെത്തിയത്.
ഓട്ടോയില്‍ നിന്നിറങ്ങിയ കാരക്കുണ്ട് സ്വദേശി ജയൻ സഞ്ചി വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാളുടെ വീട് റെയിഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ സംഭവത്തിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ മറ്റൊരാളുടെ പേര് പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് വലിയ വിവാദമായിരുന്നു.
മാതമംഗലം ടൗണില്‍ പാര്‍ക്ക് ചെയ്യുന്ന കെഎല്‍-59 എസ് 5148 ഓട്ടോറിക്ഷയില്‍ നിന്നാണ് പോലീസ് തോക്ക് പിടികൂടിയത്. സിപിഎം പ്രാദേശിക നേതാവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇയാളെ രക്ഷിക്കാന്‍ ഉന്നതര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കാതിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് ട്രെയിനില്‍നിന്ന് ഇത്തരത്തിലുള്ള അനധികൃത സാധനങ്ങള്‍ പിടിച്ചാല്‍ ട്രെയിന്‍ ആരെങ്കിലും കസ്റ്റഡിയിലെടുക്കാറുണ്ടോ എന്ന ചോദ്യമാണ് പോലീസ് തിരിച്ചുചോദിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തോക്ക് പിടികൂടിയിട്ട് ഇന്നേക്ക് ആറു ദിവസമായിട്ടും പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഒരു വിധത്തിലുള്ള അന്വേഷണവും പോലീസ് നടത്തിയില്ലെന്ന് കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആരോപിച്ചു.
പ്രതിയെ ഉടന്‍ പിടികൂടണമെന്നും, സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പാണപ്പുഴയിലെ സിപിഎം പ്രാദേശിക നേതാവിന്റെ പങ്ക് ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ച് വ്യക്തമായ അന്വേഷണം നടത്തി കേസെടുത്ത് മുന്നോട്ട് പോകണമെന്നും കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത്, കേസന്വേഷണം മയപ്പെടുത്തി സിപിഎം പ്രാദേശിക നേതാവിനെ രക്ഷിച്ചെടുക്കാനുളള പോലീസിന്റെ ശ്രമമായിട്ട് കരുതേണ്ടി വരുമെന്നും യോഗം കുറ്റപ്പെടുത്തി.
ആയതിനാല്‍ കേസന്വേഷണം ശക്തമാക്കി പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്നും വന്യമൃഗങ്ങളെ വേട്ടയാടി വില്‍പ്പന നടത്തിവരുന്ന നായാട്ട് സംഘങ്ങളെ കണ്ടെത്താനുള്ള കര്‍ശനമായി നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി. ജനാര്ദനന് അധ്യക്ഷത വഹിച്ചു. എം.പി. ഉണ്ണികൃഷ്ണന്, കെ.പി. മുരളീധരന്, എം.സന്ദീപ്, പി.പി.നാരായണന്, വി.പി.ഗോവിന്ദന് എന്നിവര്‍ പ്രസംഗിച്ചു.