പെരുമ്പാവൂർ: പെരുന്പാവൂരിനെ വിറപ്പിച്ച് അർധരാത്രിയിൽ സായുധ സംഘത്തിന്റെ വിളയാട്ടം. വെയ്വയ്പും വടിവാൾ പ്രയോഗവും. യുവാവിനു ഗുരുതരപരിക്കേറ്റു.
വാഹനത്തിൽ എത്തിയ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് യുവാവിനു ഗുരുതര പരിക്ക്. തണ്ടേക്കാട് സാബ്രിക്കൽ സലിം മകൻ ആദിൽ (30)നാണ് വെടിയേറ്റത്. നെഞ്ചിന് വെടിയേറ്റ ഇയാളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 1.30ഓടെ എഎം റോഡിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം വച്ചാണ് സംഭവം നടന്നത്. റിവോൾവർ ഉപയോഗിച്ചു വെടിവച്ച ശേഷം ഗുണ്ടാസംഘം വടിവാൾ കൊണ്ടും ആദിലിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്.
ആക്രമണം ഉണ്ടാകുന്നതിന് മുൻപ് രാത്രി പത്തോടെ സംഭവം നടന്ന പാലക്കാട്ടുതാഴം മാവിൻചുവട് സമീപം വച്ച് വാക്കുതർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും പുലർച്ചയോടെ വെയിവയ്പ്പും വടിവാൾ ആക്രമണവും നടന്നത്.
ആക്രമണത്തിനിടെ വെടിവച്ച ആൾക്കും പരിക്കേറ്റിട്ടുണ്ട്. ആദിലിന്റെ അയൽവാസികളായ രണ്ടാൾ ഉൾപ്പെടെ ഏഴോളം പേർ ആക്രമണത്തിനായി എത്തിയ വാഹത്തിൽ ഉണ്ടായിരുന്നതായി പെരുന്പാവൂർ പോലീസ് പറഞ്ഞു.
ഏതാനും പ്രതികളെയും ഇവർ സഞ്ചരിച്ചിരുന്ന ഫോർച്യൂണർ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലാകാനുള്ള കുറുപ്പംപടി സ്വദേശികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വിദേശത്ത് നിന്നും അടുത്തിടെ നാട്ടിൽ എത്തിയ ആദിലിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അറിയുന്നു. നോക്കി എന്നു വിളിക്കുന്ന നിസാർ, സഫീർ, മിത്തു,
കണ്ടാൽ അറിയുന്ന മറ്റു കുറുപ്പംപടി സ്വദേശികളായ നാലുപേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. സിഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.