ബുലന്ദേശ്വർ: അവധി നൽകിയില്ല, മദ്യലഹരിയിലായിരുന്ന പോലീസുകാരൻ തോക്കുമായി പോലീസ് സ്റ്റേഷൻ വിറപ്പിച്ചു. യുപിയിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. ആഗ്ര സ്വദേശിയായ കോൺസ്റ്റബിൾ രാഹുൽ റാണയാണ് പ്രതി.
ഗാർഡ് ഡ്യൂട്ടിയിലായിരുന്ന റാണ മദ്യലഹരിയിൽ സ്റ്റേഷനിലെത്തി അവധി ആവശ്യപ്പെട്ടു. എന്നാൽ അവധി അനുവദിക്കപ്പെട്ടില്ല. ഇതോടെ “വൈലന്റായ’ റാണ ബഹളംകൂട്ടി. ഇയാളെ പിടിക്കാനെത്തിയ പോലീസുകാർക്കുനേരെ തോക്ക് ചൂണ്ടിയായി റാണയുടെ ആക്ഷൻ.
അടുത്തുവന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു റാണയുടെ ബഹളം. സംഭവത്തെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് എ.കെ സിഗും എസ്എസ്പി സോണിയ സിംഗും സ്ഥലത്തെത്തി. ഒടുവിൽ റാണയെ പോലീസ് കീഴ്പ്പെടുത്തി.
കസ്റ്റഡിയിലെടുത്ത ഇയാളുടെ കൈയിൽനിന്നും തോക്ക് പിടിച്ചെടുത്തു.ഇയാൾക്കെതിരെ കേസെടുത്തു. ഓവർ ടൈം ജോലി ചെയ്ത റാണ അവധി ചോദിച്ചപ്പോൾ ഇൻസ്പെക്ടർ അവധി അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിനു കാരണമായതെന്ന് എസ്എസ്പി സോണിയ പറഞ്ഞു.