സി.സി.സോമൻ
കോട്ടയം: നാഗന്പടത്തു ചെന്നാൽ തോക്കുകളുടെ കഥ കേൾക്കാം. സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നാഗന്പടത്തെ പ്രദർശന നഗരിയിലെ പോലീസിന്റെ സ്റ്റാളിലാണ് വിവിധയിനം തോക്കുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ,വിദേശ നിർമിത തോക്കുകളിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവച്ചു കൊന്ന ഇനത്തിൽപ്പെട്ട സബ് മെഷീൻ ഗണ്‍ കാർബിൻ വരെയുണ്ട്.
തൊട്ടടുത്തു നിൽക്കുന്ന ശത്രുവിനെ നേരിടാനുള്ളതാണ് സബ് മെഷീൻ ഗണ്‍ കാർബിൻ. പോലീസ് സേനയുടെ തുടക്കത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന 22 ബ്രിനോ തോക്ക് വിദേശിയാണ്. എകെ 47 മോഡൽ ഇന്ത്യയിൽ നിർമിച്ച ഖാദക്, ഇൻസാസ്, എസ്എൽആർ എന്നിവയും പ്രദർശന നഗരിയിലെ മുഖ്യആകർഷണമാണ്. ഇന്ത്യയിൽ ആദ്യം നിർമിച്ച റൈഫി 1 എന്ന തോക്കും പ്രദർശിപ്പിച്ചിരിക്കുന്നു.
കൈത്തോക്കുകളിൽ ഏറ്റവും പുതിയതും ഭാരം കുറഞ്ഞതുമാണ് ഗ്ലോക്ക് പിസ്റ്റൾ. അമേരിക്കൻ നിർമിതമായ ഈ തോക്ക് ഒറ്റ നിറയ്ക്ക് 13 റൗണ്ട് വെടി ഉതിർക്കാനാവും. ടിയർ ഗ്യാസ് പ്രയോഗിക്കുന്ന മൾട്ടി ഷെൽ ലോഞ്ചർ, ഗ്യാസ് ഗണ്‍ എന്നിവയും പ്രദർശനത്തിലുണ്ട്. സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്ന എക്സ്പ്ലോസീവ് ഡിറ്റക്ടർ, ഡീപ് സെർച്ച്് ഡിറ്റക്ടർ, മെറ്റൽ ഡിറ്റക്ടർ തുടങ്ങിയ ഉപകരണങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
പഴയ ലാത്തി, പുതിയ ലാത്തി തുടങ്ങി പോലീസ് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വനിതകൾക്ക് സ്വയം രക്ഷാ പാഠങ്ങൾ നല്കുന്ന സ്ത്രീ സുരക്ഷയെ സംബന്ധിച്ച ചെറു പുസ്തകവും ഇവിടെ വിതരണം ചെയ്യുന്നു. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു.
സംസ്ഥാന സർക്കാറിന്റെ 1000 ദിനത്തോടനുബന്ധിച്ച് 27 വരെ കോട്ടയം നാഗന്പടം മൈതാനിയിൽ പ്രദർശന മേള തുടരും. സർക്കാരിന്റെ നവകേരളം മിഷൻ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം, ലൈഫ്, പൊതുവിദ്യാഭ്യാസ യജ്ഞം, ആർദ്രം, കുടുംബശ്രീ, എക്സൈസ്, ഐ ആന്‍ഡ് പി.ആർ.ഡി, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ക്ഷീര വികസന വകുപ്പ്,ഭാഗ്യക്കുറി വകുപ്പ്, സാമൂഹ്യനീതി, വനിതാശിശുസംരക്ഷണം, ടൂറിസം എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മേളയിലുണ്ട്.