കോഴിക്കോട് : കേരള പോലീസിനെ വാനോളം ഉയര്‍ത്തിയ വീരചരിത കഥകളുമായി ‘ആയുധങ്ങളുടെ’ പ്രദർശനം . കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസാണ് ക്രമസമാധാനരംഗത്തും കേസന്വേഷണങ്ങളിലും പോലീസിന് കരുത്തേകുന്ന ആയുധങ്ങളും മറ്റു ഘടകങ്ങളേയും പൊതുജനങ്ങളെ പരിചയപ്പെടുത്തിയത്.
ബ്രിട്ടീഷ് ഭരണ കാലത്തുള്ള മസ്ക്കത്ത്തോക്കുകള് മുതല്‍ റഷ്യന്‍നിര്‍മിത എകെ 47 തോക്കുകള്‍ വരെ ഉപയോഗിച്ചുവന്ന പോലീസിന്റെ വീര്യം തുറന്നുകാണിക്കുന്നതാണ് പോലീസ് ഡോർമറ്ററിയിൽ സംഘടിപ്പിച്ച പ്രദര്‍ശനം . ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യകളും ലഹരിവസ്തുക്കളും സ്ഫോടകവസ്തുക്കളും എളുപ്പം ശ്വസിച്ചറിയുന്ന ഡോഗ്സ്ക്വാഡിലെ ശ്വാന വീരന്മാരും പ്രദര്‍ശനത്തിലെ ശ്രദ്ധേയഘടകങ്ങളായി.
സംഘടിതഅക്രമകാരികളെ നേരിടുന്നതിനായി ഏഴുവര്‍ഷം മുമ്പ് സേനയിലെത്തിയ മള്‍ട്ടി ബയറല് ലോഞ്ചറും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാധാരണയായി ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ഷെല്ലുകള്‍ ഉപയോഗിക്കുന്ന ഗ്യാസ് ഗണ്ണുകളുടെ മറ്റൊരു രൂപമാണ് എംബിസി എന്ന മള്‍ട്ടി ബയറല് ലോഞ്ചര്‍. വജ്രപോലുള്ള പോലീസ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതാണിത്.
ഗ്യാസ് ഗണ്ണുകള്‍ പോലെ കൈയിലെടുത്ത് ഉപയോഗിക്കേണ്ടെന്നതും ഒന്നില്‍ കൂടുതല്‍ ഷെല്ലുകള്‍ ഒറ്റതവണ ഉപയോഗിക്കാമെന്നതുമാണ് ഇതിന്റെ സവിശേഷത. ക്ലോറോ അസറ്റോ ഫിനയല് ഷെല്ലുകളാണിതില് ഉപയോഗിക്കുന്നത്. വിസ്താരവും വായുസഞ്ചാരവുമുള്ളിടങ്ങളിലാണ് മള്‍ട്ടി ബയറല് ലോഞ്ചര്‍ സാധാരണയായി ഉപയോഗിക്കുന്നത്.
ഇടുങ്ങിയതും വായുസഞ്ചാര ലഭ്യത കുറവുള്ളതുമായി സ്ഥലങ്ങളില്‍ അക്രമകാരികള്‍ക്കെതിരേ ഇതുപയോഗിക്കുമ്പോള്‍ ഹൃദയസ്തംഭനം വരെ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ പരിശോധിച്ചുറപ്പുവരുത്തിയശേഷമേ ഇതുപയോഗിക്കാറുള്ളൂ.
17 ഇനം തോക്കുകളാണ് പ്രദര്‍ശനത്തിലുള്ളത്. 1933 കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്നു മസ്ക്കത്ത് തോക്കുകളാണ് പ്രദര്‍ശനത്തിലെ ഏറ്റവും പ്രായമേറിയ താരം. ഇത്തരം തോക്കുകള്‍ ഇപ്പോള്‍ പോലീസില്‍ പുതുതായി എത്തുന്നവരെ പരിശീലിപ്പിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 410 ഇഞ്ച് ബുള്ളറ്റുകളാണിതില് ഉപയോഗിക്കുന്നത്.
303 റൈഫിളുകളും കെ 10 റൈഫിളുകളും പ്രദര്‍ശനത്തിലുണ്ട്. കൂടാതെ വര്‍ഷങ്ങള്‍ക്കു മുമ്പ് പോലീസ് ഉപയോഗിച്ചിരുന്ന നാടന്‍ തോക്കുകളും ഇപ്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന എസ്എല്‍ആര്‍ തോക്കുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
300-400 ബുള്ളറ്റുകൾ വരെ ഒറ്റയടിക്ക് നിറയ്ക്കാവുന്ന ഗതക് തോക്കുകളും ഇന്ത്യന്‍ നിര്‍മിത എകെ 47 തോക്കും റഷ്യന്‍ നിര്‍മിത എകെ 47 തോക്കുകളും രൂപ ഭംഗികൊണ്ട് ഏവരേയും ആകര്‍ഷിക്കുന്നതാണ്.
മാവോയിസ്റ്റ് വേട്ടയ്ക്കും മറ്റും തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളാണ് ഈ തോക്കുകള്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത്. മറ്റു തോക്കുകളെ അപേക്ഷിച്ച് ഭാരം കുറവുള്ള ഇന്‍സാസ് തോക്കുകളും പ്രദര്‍ശനത്തിലുണ്ട്. പരേഡിന് പോലീസ് ഉപയോഗിക്കുന്ന വാളും ഏവരേയും ആകര്‍ഷിപ്പിക്കുന്നതാണ്.
തോക്കുകള്‍ക്ക് പുറമേ ബോംബ്സ്ക്വാഡ് ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനായി എത്തിച്ചിരുന്നു. വെടിയുണ്ടകള്‍ ഏല്ക്കാതിരിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തീപിടിത്തമുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഫയര്പ്രൊട്ടക്ടറും ബോംബുകള്‍ നിര്‍വീര്യമാക്കാനായി കൊണ്ടുപോവുന്ന ബോംബ് സപ്പറേഷന്‍ ബ്ലാങ്കറ്റും ബോംബ് സ്ക്വാഡ് പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്.
സ്റ്റീല്‍ ബോംബ്, നാടന്‍ബോംബ്, പൈപ്പ് ബോംബുകളും അടുത്തറിയാനുള്ള അവസരവും ഉണ്ടായിരുന്നു.സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായുള്ളള എക്സ്പ്ലൊസീവ് ഡിറ്റക്ടറിന്റേയും 60 ഉപകരണങ്ങളുള്ള ആര്‍എസ്പി ടൂള്‍കിറ്റും പ്രദര്‍ശിപ്പിച്ചിരുന്നു.
ആയുധങ്ങള്‍ക്ക് പുറമേ പല കേസുകള്‍ക്കും തുമ്പുണ്ടാക്കുന്ന ശ്വാന വീരന്മാരും പ്രദര്‍ശനത്തിലുണ്ടായി. ലഹരിവസ്തുക്കള്‍ ശ്വസിച്ച് കണ്ടെത്തുന്നതില്‍ അതിവിദഗ്ധയായ ബ്ലാക്കിയും കേസന്വേഷണത്തിന് ഏറെ സഹായകരമായ തെളിവുകള്‍ നല്‍കിവരുന്ന ട്രാക്കര്‍ ഡോഗ് റൂണിയും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനായ ബഡ്ഡിയും പ്രദര്‍ശനത്തിലെ മറ്റു താരങ്ങളായി. പ്രദര്‍ശനം ഇന്നലെ വൈകിട്ടുവരെ നീണ്ടു.