തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരിയെ വീട്ടിൽ കടന്ന് കയറി എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടറെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലം പാരിപ്പള്ളി സ്വദേശി ഡോ. ദീപ്തി മോൾ ജോസിനെ(37)യാണ് വഞ്ചിയൂർ പോലീസ് ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ സ്വകാര്യാശുപത്രിയിലെ ഡോക്ടറാണ് ദീപ്തിമോൾ.
പടിഞ്ഞാറെ കോട്ട പെരുന്താന്നി സ്വദേശിനി ഷിനിയെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ദീപ്തിമോൾ സ്വന്തം വാഹനത്തിലെത്തി എയർ പിസ്റ്റൽ ഉപയോഗിച്ച് വെടിയുതിർത്തത്. വ്യാജ നന്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ ദീപ്തിമോൾ കൃത്യത്തിന് ശേഷം രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപ്തിയിലേക്കെത്തിയത്.
ഷിനിയുടെ ഭർത്താവ് സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമാണ് ദീപ്തിമോളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സുജിത്തും ദീപ്തിമോളും നേരത്തെ കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു.കൃത്യത്തിന് ശേഷം ദീപ്തി സഞ്ചരിച്ച കഴക്കൂട്ടം – പാരിപ്പള്ള റൂട്ടിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.
ഓണ്‍ലൈൻ വഴി പിസ്റ്റൽ വാങ്ങിയ ശേഷം യുട്യൂബ് വീഡിയോകളിലുടെ വെടിവയ്ക്കുന്നത് എങ്ങനെയെന്ന് പരിശീലിച്ചു. കൃത്യത്തിന് പോകാൻ കാറിൽ പതിയ്ക്കുന്നതിനായുള്ള വ്യാജ നന്പർ ഓണ്‍ലൈൻ സൈറ്റിൽ വിൽപ്പനയ്ക്കായി പരസ്യം ചെയ്ത വാഹനത്തിന്റേയിരുന്നു.
നേരത്തെ കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്നും പിടിയ്ക്കപ്പെടില്ലെന്നും പ്രതി കരുതിയിരുന്നുവെന്നും പോലീസിനോട് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറിന്റെ നിർദേശാനുസരണം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ അനുരൂപിന്റെ മേൽനോട്ടത്തിൽ വഞ്ചിയൂർ എസ്എച്ച്ഒ ഷാനിഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ പ്രതിയെ കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.