മൂവാറ്റുപുഴ: കടാതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വെടിവയ്പ്. വെടിയേറ്റയാളുടെ നില ഗുരുതരം. കടാതി സംഗമംപടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് വെടിവയ്പ് ഉണ്ടായത്. കടാതി മംഗലത്ത് ജുഗന് കിഷോര്‍(48)ആണ് അയൽവാസിയും മാതൃസഹോദരി പുത്രനുമായ മംഗലത്ത് നവീനിനെ (28) വെടിവച്ചത്.
ഇരുവരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് വീടിനു സമീപം വച്ച് കിഷോർ തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നു നാട്ടുകാർ പറയുന്നു. നവീനും കിഷോറിനുമൊപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുകയും നവീനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
ഗുരുതരാവസ്ഥയിലായ നവീനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നവീനിന്റെ കരള്‍ തുളച്ച് വെടിയുണ്ട പുറത്തുവന്നതായി പോലീസ് പറഞ്ഞു. ലൈസന്‍സുള്ള കൈതോക്കില്‍ നിന്നാണ് ജുഗന് കിഷോര്‍ നിറയൊഴിച്ചത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതി ജുഗന് കിഷോറിനെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.