കറാച്ചി: പാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ ആരോപണവിധേയനായ ഡോക്ടർ പോലീസിന്റെ വെടിയേറ്റു മരിച്ചു. സിന്ധ് പ്രവിശ്യയിലെ ഉമർകോട്ട് സ്വദേശി ഷാ നവാസ് ആണു കൊല്ലപ്പെട്ടത്. അബദ്ധത്തിലാണു കൊലപാതകമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും മതനിന്ദക്കേസിൽ ഉൾപ്പെട്ടവരെ ദിവസങ്ങൾക്കുള്ളിൽ പോലീസ് വെടിവച്ചുകൊല്ലുന്ന രണ്ടാമത്തെ സംഭവമാണിത്.
സോഷ്യൽ മീഡിയയിൽ മതനിന്ദ പ്രചരിപ്പിച്ചുവെന്ന കേസിൽ ഉൾപ്പെട്ട ഡോക്ടർ രണ്ടുദിവസമായി ഒളിവിലായിരുന്നു. ബുധനാഴ്ച രാത്രി രണ്ടുപേർ സഞ്ചരിച്ച മോട്ടോർസൈക്കിൾ നിർത്താൻ ആവശ്യപ്പെട്ടതോടെയാണു സംഭവങ്ങളുടെ തുടക്കമെന്നു പോലീസ് പറയുന്നു. മോട്ടോർസൈക്കിളിലുണ്ടായിരുന്നവർ പോലീസിനു നേരെ വെടിവച്ചു. പോലീസിന്റെ പ്രത്യാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
കൊല്ലപ്പെട്ടയാൾ മതനിന്ദക്കേസിലെ പ്രതിയാണെന്നു പിന്നീടാണു തിരിച്ചറിഞ്ഞതെന്നാണു പോലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ പുരോഹിതർ പോലീസിനെ റോസാപ്പൂകളെറിഞ്ഞ് അഭിനന്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായി പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ പ്രതികരിച്ചു.
ഏതാനും ദിവസം മുന്പ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ മതനിന്ദക്കേസിൽ ആരോപണവിധേയനായ സയ്യദ് ഖാൻ എന്നയാളെ പോലീസ് വെടിവച്ചുകൊന്നിരുന്നു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നു രക്ഷിച്ച് സ്റ്റേഷനിലെത്തിച്ച ഇയാൾക്കു നേരേ ഒരു പോലീസുകാരൻ വെടിയുതിർക്കുകയായിരുന്നു.