കളമശേരി: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോകുന്ന വാഹനങ്ങളിലെ സുരക്ഷാജീവനക്കാരില്നിന്നു തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കാഷ്മീരിലേക്കും.
സംഭവത്തില്‍ കാഷ്മീരികളായ 19 പേര് പിടിയിലായതോടെയാണു കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കാഷ്മീരിലേക്കു പോകുന്നത്.
എന്നു യാത്ര തിരിക്കണമെന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമാകും സംഘം യാത്ര തിരിക്കുക.
എന്നാല്‍, ഇതു സംബന്ധിച്ച അന്തിമ തീരുമാനമായില്ലെന്ന് അധികൃതര്‍ പറഞ്ഞു. കാഷ്മീരിലെ രജൗരി ജില്ലയില്‍പ്പെട്ട 18 പേരും ജമ്മു ജില്ലയിലെ ഒരാളുമാണ് അറസ്റ്റിലായത്.
നീരജ് കുമാര്‍ (38), നാദര്സിംഗ് (38), ഓംകാര്‍ സിംഗ് (23), മുഹമ്മദ് ഹനീഫ് (41), അജയ്കുമാര്‍ (25), രശ്പാല്‍ കുമാര്‍ (39), അഞ്ചല്‍കുമാര്‍ (25), രവികുമാര്‍ (24), ഇഷ്ഫാക് അഹമ്മദ്(25), മുഹമ്മദ് ഷാഫിക് (24),
നന്ദകുമാര്‍ (37), സുഭാഷ് ചന്ദര്‍ (45), നരേഷ്കുമാര്‍ (34), സഫീര്‍ അഹമ്മദ് (22), ജസ്ബീര്‍ സിംഗ് (35), ബിഷന്‍ കുമാര്‍ (21), മുഹമ്മദ് അഷറഫ് (21),
വിനോദ് കുമാര്‍ (39), സുരേഷ് കുമാര്‍ (46) എന്നിവരാണു കളമശേരി പോലീസിന്റെ പിടിയിലായത്. സുരക്ഷാ ജീവനക്കാരെ ഇവിടേക്കു കൊണ്ടുവന്നയാളാണ് വിനോദ്കുമാര്‍.
ഇവരില്‍നിന്നു പിടിച്ചെടുത്ത 19 തോക്കുകള്‍ക്കും ലൈസന്‍സ് ഇല്ലെന്നു വിശദ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 18 തോക്കുകള്‍ക്കു ലൈസന്‍സുണ്ടെന്നു പറഞ്ഞ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും തെളിഞ്ഞു.
നേരത്തെ തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷന് പരിധിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ലൈസന്‍സില്ലാത കൈവശം വച്ചിരുന്ന തോക്കുകള്‍ പിടികൂടിയിരുന്നു.
ഈ കേസില്‍ ഉള്‍പ്പെട്ട സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കളമശേരിയില്‍ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശേരി കൂനംതൈ എകെജി റോഡിലുള്ള സിസ്കോ എന്ന സ്ഥാപനത്തില്‍ പരിശോധന നടത്തുകയും സെക്യൂരിറ്റി ജീവനക്കാര്‍ താമസിച്ചിരുന്ന സമീപത്തെ വാടകവീട്ടില്‍നിന്നു തോക്കുകളും നൂറോളം തിരകളും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ കരാറെടുത്ത കാഷ്മീര്‍ കേന്ദ്രീകരിച്ചുള്ള കന്പനിയാണു സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നത്.