കോഴഞ്ചേരി: കുഴിയിൽ വീണ കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ശ്രമത്തിനിടെ കാണാനെത്തിയ യുവാവിന്റെ കാലിൽ വെടിയുണ്ട തറച്ചു.
കാട്ടൂർ പാറാടിയിൽ സുനിലിനാണ് (45) പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.
സുനിലിന്റെ വീടിനു സമീപമുള്ള കുഴിയിൽ വീണുകിടന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ നാട്ടുകാർ അറിയിച്ചതനുസരിച്ച് റാന്നിയിൽ നിന്നു വനപാലകസംഘം എത്തിയിരുന്നു.
പന്നിയെ വെടിവച്ചപ്പോൾ ഉന്നം തെറ്റി ചീള് തെറിച്ച് കുഴിയുടെ കരയിൽ നിന്ന സുനിലിന്റെ കാലിൽ തുളച്ചു കയറി.
സുനിലിനെ ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു.
മെഡിക്കൽ കോളജിൽ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ചീള് പുറത്തെടുത്തു.