സ്വന്തം ലേഖകന്‍
കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്ന് 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിവിധ സാധ്യതകള്‍ പരിശോധിക്കാന്‍ പോലീസ്.
സമീപത്തെ റൈഫ്ലിംഗ് ക്ലബുകളെക്കുറിച്ചും തോക്ക് ലൈസന്‍സ് ഉള്ളവരെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു.
യുകെ നിര്‍മിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിലുണ്ടെന്നാണ് പോലീസ് പറയുന്നത്.
വെടിവച്ച് പരിശീലിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും.
ഇന്റലിജന്‍സ് അന്വേഷണം
സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്രയും വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്.
സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വൃത്തങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈപാസിന് സമീപത്തുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിലേക്ക് പലപ്പോഴും വാഹനങ്ങള്‍ വരുന്നത് കണ്ടിട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കാടുനിറഞ്ഞ ആളൊഴിഞ്ഞ പറമ്പായ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ പ്രധാനതാവളമാണ്.
വെടിവയ്പ് പരിശീലനം
ഒഴിഞ്ഞപറമ്പാണെങ്കിലും ഇതുവരെ വെടിയൊച്ചകളൊന്നും കേട്ടിട്ടുമില്ല. പക്ഷേ, വെടിവയ്പ് പരിശീലനം നടത്തിയതിന്റെ തെളിവുകള്‍കൂടി ലഭിച്ചതാണ് നാട്ടുകാരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. എങ്ങനെയാണ് ഇത്രയും വെടിയുണ്ടകള്‍ അവിടെയെത്തിയതെന്ന് അന്വേഷിക്കുന്നുണ്ട്.
പറമ്പ് അളക്കുന്പോൾ
തിങ്കളാഴ്ച ഉച്ചയ്ക്ക് തൊട്ടടുത്ത പറമ്പ് അളക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്.
വളരെ ചെറുതായിരുന്നതിനാല്‍ വെടിയുണ്ടയാണെന്ന് ആദ്യം മനസിലായിരുന്നില്ല. മാലയുടെയോ മറ്റോ ലോക്കറ്റ് ആയി ചെറുപ്പക്കാര്‍ ഉപയോഗിച്ചതാകാമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ കൂടുതല്‍ എണ്ണം കണ്ടതോടെ നാട്ടകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിക്കുകയായിരുന്നു.
റൈഫിള്‍ ക്ലബ്ബുകളിലും പോലീസിലുമടക്കം പരിശീലനം നടത്തി പഠിക്കുന്ന 22 (പോയന്റ് 22) റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട അപൂര്‍വമായി മൃഗങ്ങളെ ഉള്‍പ്പെടെ വേട്ടയാടാനുപയോഗിക്കാറുണ്ട്.