എം.സുരേഷ് ബാബു
മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഓരോ ഗുണ്ടാ ആക്രമണ വാർത്തകൾക്കൊപ്പവും പതിവായി കാണുന്ന വാചകമാണ് പ്രതി നിരവധി കേസുകളിൽ പ്രതിയാണെന്നുള്ളത്. കൊലക്കുറ്റമുൾപ്പെടെ പല കേസുകളിലും പ്രതിയായവർ തന്നെ വീണ്ടും കൊലക്കത്തിയുമായി പട്ടാപ്പകൽ ആരെയും പേടിക്കാതെ വിലസുന്നു.
നിരവധി കേസുകളിൽ പ്രതിപ്പട്ടികയിൽ വന്നിട്ടും ഇവർക്കു വീണ്ടും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നുവെന്നതു പൊതുജനത്തെ അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. നിയമസംവിധാനങ്ങളെ വെല്ലുവിളിക്കാൻ എങ്ങനെയാണ് ഇവർക്കു കരുത്ത് കിട്ടുന്നത്.
ഒട്ടകം രാജേഷിന്റെ കൂട്ടുകാർ
പോത്തൻകോട് സുധീഷ് വധക്കേസിൽ പിടിയിലായ രണ്ടാം പ്രതി ഒട്ടകം രാജേഷിന്റെ കാര്യം തന്നെയെടുക്കുക. വിവിധ സ്റ്റേഷനുകളിലായി 28 ലേറെ കേസുകളാണ് ഒട്ടകം രാജേഷിന്റെ പേരിലുള്ളത്. ഇതിൽ പന്ത്രണ്ടോളം കേസുകൾ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലാണ്.
ചില കേസുകളിൽ കുറച്ചു ദിവസങ്ങൾ റിമാൻഡിൽ കഴിഞ്ഞു എന്നതൊഴിച്ചാൽ ഇതുവരെയും ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല.
വധശ്രമം, വധഭീഷണി, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയായ ഒരാൾ മറ്റൊരു കൊലപാതകവുമായി ബന്ധപ്പെട്ടു വീണ്ടും പിടിയിലാകുന്നു. ഇതിങ്ങനെ എത്രനാൾ ആവർത്തിക്കുമെന്ന സംശയമാണ് പൊതുസമൂഹമുയർത്തുന്നത്.
ഗുണ്ടകളെ പിടിക്കാൻ
സംസ്ഥാനത്തെ ഗുണ്ടകളെ അമർച്ച ചെയ്യാൻ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സ്പെഷൽ ടീമിന്റെ പ്രവർത്തനം ആരംഭിച്ചു. സൈബർഡോമിന്റെ സഹായത്തോടെയാണ് പ്രത്യേക ദൗത്യത്തിനു പോലീസ് തയാറായിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിരന്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഇന്റലിജൻസ് വിഭാഗത്തെക്കൊണ്ട് ഇത്തരക്കാരുടെ ഇപ്പോഴത്തെ നീക്കങ്ങൾ നിരീക്ഷിക്കുന്നതാണ് ആദ്യഘട്ടമായി ചെയ്യുന്നത്.
ഇതിനു പ്രത്യേക വിഭാഗത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ തങ്ങുന്ന സ്ഥലങ്ങൾ, ഇവരുടെ സുഹൃത്തുക്കൾ , മൊബൈൽ ഫോണ് നന്പരുകൾ , സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ട ുകൾ മുതലായവ സൈബർ ഡോമിന്റെ സഹായത്തോടെ കണ്ടത്താൻ രണ്ടാമത്തെ ടീമിനെ ചുമതലപ്പെടുത്തി.
സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലായി അറസ്റ്റ് ചെയ്ത് ഇത്തരക്കാരെ അമർച്ച ചെയ്യാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് എഡിജിപി മനോജ് എബ്രഹാം രാഷ്ട്രദീപികയോടു പറഞ്ഞു.
നിരീക്ഷണത്തിൽ
മദ്യം, മയക്കമരുന്ന്, മണൽ വ്യാപാരം, സ്വർണകടത്ത്, സംഘം ചേർന്നുള്ള കവർച്ചകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്ത് വന്നിരുന്നവർ പോലീസ് സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
ഇത്തരക്കാരുടെ സാന്പത്തിക സ്രോതസുകളെക്കുറിച്ചും ധനാഗമ മാർഗത്തെക്കുറിച്ചും വിശദമായ അന്വേഷണമാണ് നടത്തുന്നത്. സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും ആക്രമണ പ്രത്യാക്രമണങ്ങളും അമർച്ച ചെയ്യാൻ കർശന നടപടികളുമായാണ് പോലീസ് മുന്നോട്ട് പോകുന്നതെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.
കുറ്റപത്രം നേരത്തെയാക്കാൻ
ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഗുണ്ടാ സംഘങ്ങൾ ഉണ്ടാക്കി നടത്തുന്ന ക്വട്ടേഷൻ പ്രവർത്തനങ്ങൾ മുളയിലെ നുള്ളാനാണ് പോലീസിന്റെ ഇനിയുള്ള നീക്കം. ഒരു കുറ്റകൃത്യത്തിൽ പ്രതിയായ ഗുണ്ടാ സംഘാംഗങ്ങൾ ജാമ്യത്തിലിറങ്ങിയ ശേഷം കുടുതൽ കുറ്റകൃത്യങ്ങൾ നടത്തുന്ന സ്ഥിതിയാണ് ഇപ്പോൾ. സമയബന്ധിതമായി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കുറ്റപത്രം നൽകി. ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് നടപടി സ്വീകരിക്കാനാണ് തീരുമാനം.
കോവിഡ് കാലഘട്ടത്തിൽ പല ക്രിമിനൽ കേസ് പ്രതികളും പുതിയ ലാവണങ്ങൾ കണ്ടെത്തുകയായിരുന്നു. ജയിലിൽ പരിചയപ്പെടുന്ന മറ്റ് കേസുകളിലെ പ്രതികളുമായുള്ള ചങ്ങാത്തവും സൗഹൃദവും കുടുതൽ കുറ്റകൃത്യങ്ങളിലേക്ക് ഏർപ്പെടാൻ കാരണമാകുന്നുണ്ട ്.
ജയിലിൽനിന്നു ജാമ്യത്തിലിറങ്ങുന്നവരെ പ്രത്യേകം നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പോലിസ് നടത്തിയ രഹസ്യാന്വേഷണത്തിൽ കൊലപാതകം, ഉൾപ്പെടെയുള്ള ക്വട്ടേഷൻ കുറ്റകൃത്യങ്ങൾ നടത്തുന്നവരിൽ ഭൂരിഭാഗം പേരും ലഹരിമാഫിയയുമായി ബന്ധമുള്ളവരാണെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ
മിക്കവർക്കും ലഹരിബന്ധം
ആഡംബര ജീവിതത്തിനും ആർഭാട ജീവിതത്തിനും പണം കണ്ടെത്താൻ ഏതു ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും ഇവർ തയാറാകുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൗമാരക്കാരായവരെയും കോളജ് വിദ്യാർഥികളെയും ലഹരി കൊടുത്ത് പ്രലോഭിപ്പിച്ചാണ് ഇത്തരം സംഘം ഒപ്പം കൂട്ടുന്നത്.
കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഈ സംഘങ്ങളുടെ കെണിയിൽ അകപ്പെട്ടു ക്വട്ടേഷൻ സംഘങ്ങളുടെ ഭാഗമായത് രക്ഷിതാക്കൾ വൈകിയാണ് അറിയുന്നത്. അപ്പോഴേക്കും രക്ഷിതാക്കൾക്കും ഒന്നും ചെയ്യാനാകാത്ത വിധത്തിലുള്ള നീരാളി പിടിത്തത്തിൽ തങ്ങളുടെ മക്കൾ എത്തിപ്പെട്ടെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടി വരികയാണ്.
തങ്ങളുടെ സംഘത്തിൽനിന്നു ഉടക്കി പോകുന്നവർക്ക് ഏതു നിമിഷവും എന്തും സംഭവിക്കുമെന്ന ഭീതിയും ആശങ്കയുമാണ് പലരെയും ഈ സംഘങ്ങളിൽനിന്നു വിട്ടു പോകാൻ സാധിക്കാത്ത നിലയിലേക്ക് അകപ്പെടാൻ കാരണം.
(തുടരും).