കോട്ടയം: വിവാഹ വീട്ടിൽ ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ പ്രധാന പ്രതിയെ റിമാൻഡ് ചെയ്തു. താഴത്തങ്ങാടി കുമ്മനം ഇടവഴിക്കൽ പുത്തൻപുരയിൽ ഇ.എ. മുഹമ്മദ് ഷാഫി(30)യേയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 28നായിരുന്നു കേസിനാസ്പദമായ സംഭവം. അറുപുഴയിലെ വിവാഹ വീട്ടിലെ ചടങ്ങിലുണ്ടായ തർക്കത്തെതുടർന്ന് അറുപുഴയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് വെട്ടേറ്റിരുന്നു.
തലയോലപ്പറന്പ് സ്വദേശികളായ ഷുക്കൂർ, മാത്യു ചാക്കോ (മാക്കോ) കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരുന്നത്.
അക്രമ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് അഞ്ചു പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ മൂന്നു പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.
തലയോലപ്പറന്പ് സ്വദേശി ഷുക്കൂറിനും ഷാഫിക്കും കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഷാഫിയെ പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ ഷാഫിയെ താഴത്തങ്ങാടിയിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.