തിരുവനന്തപുരം: കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ശ്രീവരാഹം പുന്നപുരം സ്വദേശി മണിക്കുട്ടൻ എന്ന് വിളിയ്ക്കുന്ന ശ്യാം (28) ആണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ചത്. ശ്രീവരാഹത്ത് രാത്രിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ തടയാൻ ശ്രമിക്കവെയാണ് ശ്യാമിന് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു.
ശ്രീവരാഹം സ്വദേശിയായ അർജുനാണ് കുപ്പി പൊട്ടിച്ച് ശ്യാമിനെ കുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് ശേഷം അർജുൻ ഒളിവിൽ പോയി. അർജുന്റെ കൂട്ടാളികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അർജുനെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
ഫോർട്ട് പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ശ്യാമിന്റെ പേരിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.