കോട്ടയം: കോവിഡിൽ ജയിൽ മോചിതരായവർ ജില്ലയിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത് പോലീസിന് തലവേദനയാകുന്നു. വിചാരണ തടവുകാരും ശിക്ഷാ തടവുകാരും ഉൾപ്പെടെ നൂറിലേറെ പേർ ജില്ലയിൽ പുറത്തിറങ്ങിയതതോടെ ക്വട്ടേഷൻ സംഘങ്ങൾ സജീവമായി.
ഒന്നിടവിട്ട ദിവസങ്ങളിൽ അതാത് പോലീസ് സ്റ്റേഷനുകളിലെത്തി പരോളുകാർ ഒപ്പുവയ്ക്കണമെന്ന നിബന്ധന കോവിഡ് ഭീതിയിൽ പാലിക്കാൻ പോലീസിനും സാധിക്കുന്നില്ല. സ്റ്റേഷനുകളിൽ ഒപ്പുവയ്ക്കാൻ എത്താത്തവർ എവിടെയെന്ന് അന്വേഷിക്കുന്നതിലും പോലീസിന് പരിമിതിയുണ്ട്.
മോചിതരായ പ്രതികൾ ഏറെയും സ്വന്തം വീടുകളിൽ കഴിയാതെ മറ്റിടങ്ങളിൽ കറങ്ങുന്നു. പലരും ഫോണ് സ്വന്തമായി ഉപയോഗിക്കുന്നില്ല.
നാട്ടിലെത്തിയാൽ മറ്റാരും ജോലി കൊടുക്കുകയോ സൗഹൃദം കാണിക്കുകയോ ചെയ്യാത്തതിനാൽ ചിലർ മറ്റിടങ്ങളിൽ സംഘടിച്ചു.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ അടുപ്പക്കാരായവർ പരോളിൽ ഒരുമിച്ച് താമസിച്ച് മോഷണവും ഗുണ്ടായിസവുമായി കഴിയുന്നു. നാട്ടിൽ തൊഴിൽ ലഭിക്കാത്തതിനാൽ മോഷണവും ഗുണ്ടായിസവുമാണ് ഇത്തരത്തിൽപ്പെട്ട ഏറെപ്പേരുടെയും തൊഴിൽ.
ഏറെപ്പേരും കഞ്ചാവ് കടത്തിലും വിൽപ്പനയിലുമാണ് സജീവമായിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ജയിലുകളിൽ നിന്നായി 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങിയിരിക്കുന്നത്.
550 വിചാരണ തടവുകാരെയും 850 ശിക്ഷാതടവുകാരെയുമാണ് പരോളിൽ വിട്ടയച്ചത്. പരോൾ ഇനിയും ഉദാരമാക്കുമെന്നിരിക്കെ കുറ്റവാളികളെ നിയന്ത്രിക്കുന്നതിൽ പോലീസ് ആശങ്കയിലാണ്. ഒരു മാസത്തിനുള്ളിൽ പരോൾ പ്രതികളിൽ പലരും വീണ്ടും കുറ്റകൃത്യങ്ങളിൽ സജീവമാവുകയും ചെയ്തു.
50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാർക്കും 60 വയസു കഴിഞ്ഞ പുരുഷ തടവുകാർക്കും പരോൾ നൽകണമെന്നും അടിയന്തര പരോളിൽ പുറത്തിറങ്ങി പ്രശ്നങ്ങളുണ്ടാക്കാത്തവർക്കും പരോൾ നൽകണമെന്നതാണ് നിർദേശം. ഇതിനൊപ്പം മൂന്നിൽ രണ്ട് കാലം ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരെയും പുറത്തിറക്കിയിരിക്കുന്നു.