മാവേലിക്കര: തെക്കേക്കര ചെറുകുന്നത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ഗുണ്ടാ ആക്രമണം. മാന്നാർ പോലീസ് സ്റ്റേഷനിലെ കണ്ട്രോൾ റൂം വെഹിക്കിൾ ഡ്രൈവർ സൂരജിന്റെ, തെക്കേക്കര ചെറുകുന്നം വടുതല പറന്പിൽ കിഴക്കതിൽ വീട്ടിലാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് സൂരജ് വീട്ടിലില്ലാതിരുന്നപ്പോഴാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് തന്റെ വീട് ആക്രമിച്ചതെന്നും എല്ലാവരെയും തനിക്കറിയാമെന്നും സൂരജ് പറഞ്ഞു.
വടിവാളും കന്പി വടികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം നടക്കുന്ന സമയം സൂരജിന്റെ ഭാര്യ കീർത്തിയും മൂന്നുവയസുള്ള മകളും, ഇളയ സഹോദരൻമാരായ സരൂജും സനൂപും പ്രായമായ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന സരൂജിനെ കാണാൻ എത്തിയ സുഹൃത്ത് രാജീവ്, തിരികെ മടങ്ങുന്നതിനിടയിൽ അക്രമിസംഘം മാരകായുധങ്ങളുമായി ആക്രമിച്ചു.
പ്രാണരക്ഷാർഥം സൂരജിന്റെ വീട്ടിലേക്ക് ഓടിക്കയറിയ രാജീവിന്റെ പിന്നാലെ പാഞ്ഞെത്തിയ അക്രമി സംഘം സൂരജിന്റെ ഭാര്യയെയും അമ്മയെയും ആക്രമിക്കാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. കാൽമുട്ടിന് പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന സരൂജിനെ (26) ചവിട്ടി താഴെയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചു.
വടിവാളുകൊണ്ടുള്ള ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് തന്റെ ജീവൻ തിരിച്ചു കിട്ടിയതെന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സരൂജ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ സരൂജിനെ ആശുപത്രിയിലെത്തിക്കാൻ വന്ന സുഹൃത്തുക്കളെയും സംഘം ഭീഷണിപ്പെടുത്തി.
വർഷങ്ങളായി ഈ ഗുണ്ടാസംഘത്തിന്റെ ഭീഷണിയിലാണ് കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ സംഘത്തിന്റെ വർഷങ്ങളായുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ പ്രതിഷേധമാണുയരുന്നത്.