കാട്ടാക്കട: മാറനല്ലൂരിന് പുറകേ ബാലരാമപുരത്തും കഞ്ചാവ് മാഫിയയുടെ വിളയാട്ടം. ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടുകൂടിയാണ് ബൈക്കിലെത്തിയ രണ്ടുപേർ എരുത്താവൂർ, തേമ്പാമുട്ടം, റസൽപുരം ഭാഗങ്ങളിൽ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനമുൾപ്പടെ തകർത്തത്.
എരുത്താവൂർ സ്വദേശിയായ അനുവിന്റെ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടർ പൂർണമായും അടിച്ചു തകർത്തു. എരുത്താവൂരിൽ ഒരു വീട്ടിൽ കയറി ജനൽ ഗ്ലാസുകളും അലങ്കാര മത്സ്യം വളർത്തുന്ന ടാങ്കും അടിച്ചുപൊട്ടിച്ചുകൊണ്ടാണ് ഇവർ ബൈക്കിൽ കയറി ആക്രമണം തുടങ്ങിയത്.
കൈയിൽ വെട്ടുകത്തിപോലുള്ള ആയുധം കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അസഭ്യം വിളികളോടെ ആക്രമണം തുടർന്നത്. രണ്ടു പേർക്ക് ഇവരുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. റസൽപുരം സിമന്റ് ഗോഡൗണിൽ സിമന്റ് കയറ്റുന്നതിനുവേണ്ടി നിർത്തിയിട്ടിരുന്ന ലോറികളുടെ ചില്ലുകളാണ് തകർത്തത്.
ഇവരുടെ ആക്രമണം കണ്ട് നാട്ടുകാർ ബാലരാമപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേയ്ക്കും പ്രതികൾ കടന്നു കളഞ്ഞിരുന്നു. ഇവർ സഞ്ചരിച്ച വഴിയേ നാട്ടുകാരും പോലീസും പിന്തുടർന്നതോടെ പാറക്കുഴി പ്രദേശത്ത് നിന്നുമാണ് ഓരാളെ പിടികൂടാനായത്.
നരുവാമൂട് ചെമ്മണ്ണിൽകുഴി റോഡരികത്ത് പുത്തൻവീട്ടിൽ മിഥുൻ(23) ആണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടെയുണ്ടായിരുന്നത് കണ്ടല സ്വദേശിയായ കൊച്ചുമോൻ ആണെന്നാണ് പിടിയിലായ മിഥുൻ പോലീസിന് മൊഴി നൽകിയിട്ടുള്ളത്.ഇയാൾ നിരവധി കേസിലെ പ്രതിയാണെന്ന് ബാലരാമപുരം പോലീസ് പറഞ്ഞു.