കോട്ടയം: ഇന്നലെ ആർപ്പൂക്കരയിൽ എക്സൈസ് സംഘത്തെ ആക്രമിച്ച സംഘത്തിലെ പ്രധാനി ജെയ്സ്മോൻ (അലോട്ടി, 25) കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം ഉൾപ്പെടെ അനവധി കേസുകളിലും ഉൾപ്പെട്ടയാൾ. കഞ്ചാവ് മാഫിയയെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്സൈസ് സംഘത്തിനുനേരേ കുരുമുളക് സ്പ്രേയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു.
സംഘത്തിലുണ്ടായിരുന്ന ആർപ്പൂക്കര ചക്കിട്ടപറന്പിൽ അഖിൽരാജ് (21) പിടിയിലായി.പനന്പാലം കൊപ്രായിൽ ജെയ്സ്മോൻ (അലോട്ടി, 25) അടക്കം അഞ്ചുപേർ രക്ഷപെട്ടു. കഞ്ചാവ് സംഘം വാക്കത്തിയും കുരുമുളക് സ്പ്രേയും പ്രയോഗിച്ചതോടെ പ്രിവന്റീവ് ഓഫീസർ വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്, ജെപ്സി ജോസഫ് എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ക്ലീനറായി ജോലി തുടങ്ങിയ അലോട്ടി പിന്നീട് ഗുണ്ടാ നേതാവ് ആകുകയായിരുന്നു. കോട്ടയം-കുറുപ്പുന്തറ റൂട്ടിലേടുന്ന ബസുകളിലായിരുന്നു ക്ലീനർ ജോലി. പിന്നീട് കണ്ടക്ടറായും ജോലി തുടർന്നു. ഇതിനിടെ ബ്ലേഡ് സംഘങ്ങൾക്ക് പണം വാങ്ങി നൽകിയിരുന്ന ഗുണ്ടാപ്പണിയും ഏറ്റെടുത്തു. രാത്രികാലങ്ങളിൽ സംഘം ചേർന്നു മദ്യപിക്കുക, അക്രമങ്ങൾ നടത്തുക തുടങ്ങിയ സംഭവത്തിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്.
കോട്ടയം തിരുനക്കരയ്ക്കു സമീപം ലോഡ്ജിൽ മാനേജരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അലോട്ടി. സുഹൃത്തുക്കൾക്കൊപ്പമാണു കൊലപാതകം ആസൂത്രണം ചെയ്തത്. ലോഡ്ജിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാകുകയും വെള്ളൂർ സ്വദേശിയെ കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് പോലീസ് നിരവധി കേസുകളിൽ പിടികൂടി അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ ഇറങ്ങിയാണു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു പനന്പാലത്താണു നാടകീയ സംഭവങ്ങൾ. അലോട്ടിയുടെ വീട്ടിൽ കഞ്ചാവ് വിൽപ്പനയെന്ന വിവരത്തെ തുടർന്നാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്തിന്റെ നേതൃത്വത്തിൽ അഞ്ചംഗ സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. രാവിലെ മുതൽ രണ്ട് ഉദ്യോഗസ്ഥർ വേഷപ്രച്ഛന്നരായി അലോട്ടിയുടെ വീടിനു സമീപത്തു നിലയുറപ്പിച്ചിരുന്നു.
കഞ്ചാവ് കൈമാറ്റം നടന്നതായി ബോധ്യപ്പെട്ട ഉടൻ എക്സൈസ് സംഘം വീട്ടിലേക്ക് കയറി അഖിൽരാജിൽനിന്നു 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതോടെ അലോട്ടി ഉൾപ്പെടെയുള്ള സംഘം മാരകായുധങ്ങളുമായി ഉദ്യോഗസ്ഥരെ ആക്രമിക്കാനെത്തി.ഓടിമാറിയ ഉദ്യോഗസ്ഥർക്കുനേരേ ഇവർ കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷം ചിതറിയോടി. അഖിൽരാജിനെ സ്ക്വാഡ് കീഴടക്കി. കടന്നുകളയാനുള്ള ശ്രമത്തിനിടെ അഖിലിന്റെ തലയിൽ പരിക്കേറ്റു.
പിടിയിലായ അഖിൽരാജും കടന്നുകളഞ്ഞ അലോട്ടിയും ആലപ്പുഴയിൽ വീടുകയറിയുള്ള ആക്രമണത്തിൽ ജയിൽശിക്ഷ കഴിഞ്ഞ് അടുത്തനാളിലാണു പുറത്തുവന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്ത് പറഞ്ഞു.
അടിപിടി കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകൾ അലോട്ടിക്കെതിരെയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അഖിൽരാജിനെ കോടതിയിൽ ഹാജരാക്കി. മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചു. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അലോട്ടി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തു.
പോലീസിനുനേരേ തോക്കുചൂണ്ടി വെടിവയ്ക്കാൻ ശ്രമിച്ച കേസിലും അലോട്ടി പ്രതിയാണ്
ഗാന്ധിനഗർ: എക്സൈസിനെ ആക്രമിച്ച സംഘത്തലൻ പനന്പാലം കൊപ്രായിൽ ജെയ്സ്മോൻ (അലോട്ടി, 25) പോലീസിനു നേരേ തോക്കു ചൂണ്ടി വെടി വയ്ക്കാൻ ശ്രമിച്ച കേസിലെ യും പ്രതി. 2017 ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഗാന്ധിനഗർ എസ്ഐ ആയിരുന്ന എം.ജെ. അരുണിന്റെ നേതൃത്വത്തിൽ പിടികൂടാനെത്തിയപ്പോഴാണ് പോലീസിനു നേരേ തോക്കുചൂണ്ടി വെടിവയ്ക്കുവാൻ ഒരുങ്ങിയ സംഭവമുണ്ടായത്.
ഗുണ്ടാ ആക്ട് പ്രകാരം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു അന്ന് അലോട്ടിയെ അറസ്റ്റ് ചെയ്യുവാൻ തീരുമാനിച്ചത്. അലോട്ടിയെ പോലീസ് അനേഷിച്ചു കൊണ്ടിരിക്കേ വാകത്താനം പോലീസ് അതിർത്തിയിൽ മറ്റു രണ്ടു പ്രതികളുമായി ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ വൻ പോലീസ് സംഘവുമായി പുലർച്ചെ ഇവർ താമസിച്ചിരുന്ന വീട് വളയുകയായിരുന്നു. പോലീസെത്തിയ വിവരം അറിഞ്ഞ് തോക്കും മറ്റ് മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് സിനിമയെ വെല്ലുന്ന തരത്തിൽ ഇവരെ പിടികൂടു കയായിരുന്നു.