ഗാസിയാബാദ്: ഉത്തർപ്രദേശിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കുറ്റവാളികൾക്കു പരിക്കേൽക്കുന്നതും കൊല്ലപ്പെടുന്നതുമായ സംഭവങ്ങൾ വർധിച്ചുവരുമ്പോഴും ക്രിമിനലുകളുടെ വിളയാട്ടത്തിനു കുറവൊന്നുമില്ലെന്നാണ് അവിടെ അരങ്ങേറുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ഗാസിയാബാദിലെ സിദ്ധാർഥ് വിഹാറിൽ ഹൈവേയിലൂടെ അമിത വേഗതയിൽ പായുന്ന കാറിലിരുന്ന് ഗുണ്ടകൾ തോക്ക് വീശുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ വിൻഡോയിലൂടെ പിസ്റ്റൾ വീശുന്നതാണ് വീഡിയോയിലുള്ളത്. കാറിനെ പിന്തുടർന്ന വാഹനമാണ് ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ദിവസം പട്ടാപ്പകലായിരുന്നു യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവം.
ഉത്തർപ്രദേശിലെ മോശമായ ക്രമസമാധാനനിലയാണ് വീഡിയോ എടുത്തുകാണിക്കുന്നതെന്ന വിമർശനം വ്യാപകമായി ഉയർന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിനെ ശനിയാഴ്ച രാത്രി യുപിയിൽ ഗോഹത്യക്കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. രാംപുർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സാജിദ് (23) എന്നയാളാണു കൊല്ലപ്പെട്ടത്.
ഇയാളുടെ കൂട്ടാളി ബബ്ലുവിനു പരിക്കേറ്റു. മൊറാദാബാദ് സ്വദേശികളാണ് ഇരുവരും. പോലീസിനെ കണ്ടതോടെ പ്രതികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇവരെ പോലീസ് പിന്തുടർന്നു.
മിലാക് പോലീസ് സ്റ്റേഷൻ പരിധിയിലെത്തിയതോടെ സാജിദും ബബ്ലുവും കാറിൽനിന്നിറങ്ങി വെടിവയ്പ് തുടങ്ങിയെന്നു പോലീസ് പറയുന്നു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു പ്രതികൾക്കു പരിക്കേറ്റു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാജിദ് മരിച്ചു. ബബ്ലു ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് നാടൻ തോക്കുകളും പശുകശാപ്പിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തതായി രാംപുർ എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.