കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയില്‍. പനങ്ങാട്, തൃക്കാക്കര പോലീസ് സ്റ്റേഷനുകളിലെ കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ ഒളിവിലായിരുന്നു.
ഇന്നലെ അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ മരട് അനീഷിനെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിയായ യുവാവിനെ മരട് അനീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് തിരുവല്ലയിലെ ആളൊഴിഞ്ഞ പറമ്പില്‍ തളളിയിരുന്നു. അക്രമണത്തിന് ഇരയായ യുവാവ് മുമ്പ് മരട് അനീഷിന്റെ സംഘത്തിലുണ്ടായിരുന്നു.
ഒന്നര വര്‍ഷം മുമ്പ് സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു. അതിനു ശേഷം ഗുണ്ടാ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ചോര്‍ത്തിക്കൊടുക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് അനീഷിന്റെ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.
യുവാവിന്റെ പരാതിയില്‍ മരട് അനീഷ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ചേര്‍ത്തല സ്വദേശി അനീഷ്, മരട് സ്വദേശികളായ അരുണ്‍, ശരത്ത്, ഷോണ്‍ മില്‍ട്ടണ്‍, ബിനു, വിഷ്ണു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അപ്പോഴാണ് അപകടത്തെ തുടര്‍ന്ന് അനീഷ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 30 ന് രാത്രിയായിരുന്നു സംഭവം. 9.15ഓടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ ഗുണ്ടാസംഘം കാര്‍ തടഞ്ഞു നിറുത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു.