ചേർപ്പ്: തൃശൂരിൽ കൊലപാതകം ലക്ഷ്യമിട്ട് എത്തിയ ഗുണ്ടാ സംഘം അറസ്റ്റിലായി.
കുപ്രസിദ്ധ ഗുണ്ടകളായ ഏറ്റുമാനൂർ അതിരന്പുഴ സ്വദേശികളായ കാറ്റാടിയിൽ വീട്ടിൽ ലിപിൻ (30), തൊ ട്ടിമലിയിൽ വീട്ടിൽ അച്ചു (സന്തോഷ് -25), തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ്(21), മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ(23), ചെറിയ പള്ളിക്കുന്ന് വീട്ടിൽ ബിബിൻ ബാബു (25), ചെന്പകപറന്പിൽ വീട്ടിൽ നിഖിൽ ദാസ്(36), ചേർപ്പ് സ്വദേശികളായ മാളിയേക്കൽ വീട്ടിൽ ജിനു (24), മിജോ (20), മേനോത്തുപറന്പിൽ സജൽ (28) എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്.
തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രേയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാ ബു കെ. തോമസ്, ഇൻസ്പെക്ടർ ടി.വി. ഷിബു, എസ്ഐ ജെ. ജെയ്സൻ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ചയാണ് നാടിനെ നടു ക്കിയ സംഭവങ്ങളുടെ തുടക്കം.
പുലർച്ചെ വെങ്ങിണിശേരിയിൽ ലോറിയിലിടിച്ച് സഞ്ചാര യോഗ്യമല്ലാതെ കിടന്ന കാർ പോലീസ് എത്തി പരിശോധിച്ചപ്പോൾ കൊടുവാൾ കണ്ടെത്തിയതോടെ ചേർപ്പ് ഇൻസ്പെക്ടറും എസ്ഐയും സംഘവും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷികളിൽ നിന്നു ലഭിച്ച വിവരങ്ങളും വച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ പെട്ട കാറിൽ നിന്ന് നിരവധി മാരക ആയുധങ്ങൾ മറ്റൊരു കാറിൽ കയറ്റി കുറച്ചുപേർ രക്ഷപ്പെട്ടതായി കണ്ടെത്തുന്നത്.
ഉടൻ തന്നെ രണ്ടു സംഘങ്ങളായി മേഖലയാകെ അരിച്ചുപെറുക്കി.ഇതിനിടെ രണ്ടാമത്തെ കാർ പല സ്ഥലങ്ങളിൽ കണ്ടെന്ന വിവരങ്ങൾ പോലീസിനു ലഭിച്ചു. തുടർന്ന് പോലീസ് സംഘത്തിന്റെ മുന്നിൽപ്പെട്ട അക്രമിസംഘത്തിന്റെ കാർ സിഐയും സംഘവും തടയാൻ ശ്രമിച്ചെങ്കിലും ചൊവ്വൂരിൽ റോഡു പണിക്കായി കൂട്ടിയിട്ട മണ്കൂനയ്ക്കു മുകളിലൂടെ കാർ കയറ്റി പ്രതികൾ രക്ഷപ്പെട്ടു.
ഇതോടെ രണ്ടു വാഹനങ്ങളിലായി പിൻതുടർന്ന പോലീസ്സംഘത്തിൽ എസ്ഐയുടെ ജീപ്പ് മുന്നിൽ കയറ്റി പ്രതികളുടെ കാർ തടഞ്ഞു. എന്നാൽ, ജീപ്പിലേക്കു കാർ ഇടിച്ചു കയറ്റി എസ്ഐ ജെയ്സനേയും സംഘത്തേയും അപായപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പ്രതികളെ സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്തപ്പോൾ പോലീസ് ഞെട്ടി
ചോദ്യം ചെയ്യലിലാണ് തങ്ങൾ പിടിച്ചവർ സംസ്ഥാനത്ത് നിരവധി കൊലപാതകം, കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കൽ പോലീസിനെ ആക്രമിച്ച കേസുകളിലെ അടക്കം കൊടും ക്രിമിനലുകളാണെന്ന് അറിയുന്നത്.
ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിരവധി കേസുകളിലെ പ്രതിയും ചേർപ്പ് സ്വദേശിയുമായ ഗിവർ എന്നയാളെ കൊലപ്പെടുത്തുവാൻ എത്തിയതാണെന്നു പ്രതികൾ സമ്മതിച്ചു.
ഇപ്പോൾ അറസ്റ്റിലായ മാളിയേക്കൽ ജിനു, മിജോ എന്നിവർ സാക്ഷികളായ കൊലപാതകക്കേസിലെ പ്രതിക്കെതിരെ സാക്ഷി പറഞ്ഞാൽ കഥ കഴിക്കുമെന്നു കഴിഞ്ഞദിവസം ഗിവറും സുഹൃത്തും ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്നു ഇവർ തമ്മിൽ നേരിട്ടും ഫോണിലൂടെയും വെല്ലുവിളികളും നടന്നിരുന്നു. ഇതിൽ പ്രകോപിതനായ ജിനു സെൻട്രൽ ജയിലിൽ വച്ചുള്ള സുഹൃത്തായ കുപ്രസിദ്ധ ഗുണ്ട ഏറ്റുമാനൂർ സ്വദേശി അച്ചു സന്തോഷിനെയും സംഘത്തേയും വിളിച്ചു വരുത്തി.
തിങ്കളാഴ്ച രാത്രിയെത്തിയ സംഘം ഗിവറിനെ അന്വേഷിച്ച് നടന്നെങ്കിലും ഇവരുടെ നീക്കങ്ങളിൽ സംശയം തോന്നിയ ഇയാൾ മുങ്ങി.
രാത്രി ഏറെ അലഞ്ഞ സംഘം രാവിലെ വീണ്ടും ഇരയെ തേടിയുള്ള യാത്രയിലാണു ലോറിയിലിടിച്ച് കാറിനു കേടുപാട് സംഭവിക്കുന്നതും സംഭവ സ്ഥലത്ത് പോലീസ് എത്തുന്നതും.
ഇതേത്തുടർന്ന് നാട്ടിലേക്കു രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സാഹസികമായി പിടികൂടിയത്.