
ഇരിങ്ങാലക്കുട: യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും വീടുതല്ലി തകർക്കുകയും ചെയ്ത ഗുണ്ടാസംഘം മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ.
ഇടുക്കി സ്വദേശി പഞ്ഞിലണ്ടാകുഴി വീട്ടിൽ ആൽബർട്ട് (22), മൂർക്കനാട് സ്വദേശി കരത്തുപറന്പിൽ വീട്ടിൽ അനുമോദ് (19), അരിപ്പാലം സ്വദേശി നടുവത്തുപറന്പിൽ വീട്ടിൽ വിനു സന്തോഷ് (23), അടിമാലി സ്വദേശി മഞ്ഞലിപടവിൽ വീട്ടിൽ ആശംസ് (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇവർ മുന്പും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. കഞ്ചാവ് മാഫിയ സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ഗുണ്ടാസംഘത്തിന്റെ തേരർവാഴ്ച ആരംഭിച്ചത്. രാത്രി 8.30 ഓടെ കാറിലെത്തിയെ നാലംഗസംഘം എടക്കുളം വലിയപാലത്തിന് സമീപത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വടിവാളടക്കമുള്ള മാരകായുധങ്ങളുമായെത്തിയ സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഇവരുടെ ആക്രമണത്തിൽ വീട്ടിനുള്ളിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ രക്ഷപ്പെടുവാൻ കഴിയാതിരുന്ന കിഴുത്താണി സ്വദേശി പുല്ലംപറന്പിൽ വീട്ടിൽ ജിബിന് (26) വെട്ടേറ്റു.
ജിബിന്റെ ഇരുകൈകളിലും കാലിനും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക്മാറ്റി.
ഇവിടെനിന്നും വിട്ട ഈ സംഘം കാറളത്ത് തൈവളപ്പിൽ വീട്ടിൽ സജീവനെയും (48) വെട്ടി പരിക്കേൽപ്പിച്ചു. അതിനുശേഷം ഇന്നു പുലർച്ചെ രണ്ട് മണിയോടെ എടക്കുളം കനാൽ പാലത്തിനു സമീപമെത്തി ഇളയേടത്ത് കുഞ്ഞപ്പൻ മകൾ വത്സലയുടെ വീട് പടക്കമെറിഞ്ഞ് തകർക്കുകയും ഗൃഹോപകരണങ്ങളും മറ്റും വടിവാൾ ഉപയോഗിച്ച് വെട്ടി നശിപ്പിക്കുകയുമായിരുന്നു.
ഈ വീട്ടിലെ താമസക്കാരി വത്സല ഈ സമയം സഹോദരിയുടെ വീട്ടിലായിരുന്നു. കാട്ടൂർ എസ്ഐ വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു പുലർച്ചെ ആറോടെ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.