അതിരന്പുഴ: വീണ്ടും വീണ്ടും ഗുണ്ടാ ആക്രമണങ്ങൾ. നാട്ടുകാർ ഭയന്നുവിറച്ചു നിൽക്കുന്നു. സർവരെയും വെല്ലുവിളിച്ച് ഗുണ്ടകൾ പൊതുവഴിയിൽ വിഹരിക്കുന്നു.
ഇവരെ തളയ്ക്കാൻ നിങ്ങൾക്കാവില്ലേ? ഇല്ലെങ്കിൽ കാരണമെന്താണ് സാർ? പോലീസിനോടുള്ള അതിരന്പുഴ നിവാസികളുടെ ചോദ്യമാണിത്.
ദേവാലയത്തിൽനിന്ന് വിളിച്ചിറക്കി മർദനം
മണ്ണാർകുന്ന് സെന്റ് ഗ്രിഗോരിയോസ് പള്ളിയിൽ തിരുനാൾ കുർബാനയിൽ സംബന്ധിക്കാൻ എത്തിയ വൃദ്ധനായ നാട്ടുവഴിപറന്പിൽ ഗ്രിഗോരിയോസി(കുഞ്ഞച്ചൻ)നെ രണ്ടംഗ സംഘം അതിക്രൂരമായി മർദ്ദിച്ചു.
കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന കുഞ്ഞച്ചനെ വിളിച്ചിറക്കിയാണ് മർദ്ദിച്ചത്. ഹൃദ്രോഗിയായ കുഞ്ഞച്ചൻ മർദ്ദനമേറ്റ് അവശനായി.
മുഖത്തും ശരീരമാസകലവും പരിക്കുണ്ട്. ഇതേ ദിവസം രാവിലെ കുഞ്ഞച്ചന്റെ മകനെയും ഇതേ സംഘം മർദ്ദിച്ചിരുന്നു.
മർദ്ദനമേറ്റ കുഞ്ഞച്ചൻ പിന്നീട് പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ ഇരുന്നാണ് കുർബാനയിൽ സംബന്ധിച്ചത്.
ഗുണ്ടാസംഘത്തെ ഭയന്ന് പോലീസിൽ പരാതിപ്പെടാൻ പോലും ഇദ്ദേഹം പോയില്ല. ഇന്ന് പരാതി നൽകുമെന്നാണ് അറിയുന്നത്.
അക്രമികൾ ഷാപ്പിലേക്ക്
വൃദ്ധനെ തല്ലിച്ചതച്ച അക്രമികൾ രണ്ടു പേരും പിന്നീട് എത്തിയത് അതിരന്പുഴ മുണ്ടുവേലിപ്പടിക്ക് സമീപമുള്ള പ്രവാസിയുടെ കള്ളുഷാപ്പിലേക്ക്.
ഈ ഷാപ്പിലാണ് ആഴ്ചകൾക്കു മുന്പ് കഞ്ചാവ് മാഫിയ നിരന്തരം ആക്രമണം നടത്തിയത്. ഇരുവരും മദ്യപിച്ച ശേഷം മടങ്ങി.
വൈകുന്നേരം നാലര മണിയോടെ രണ്ടു പേരും ഷാപ്പിൽ വീണ്ടുമെത്തി. മദ്യപിച്ചുകൊണ്ടിരുന്ന ഇവരിൽ ഒരാൾ മേശയിൽ കാലുകൾ കയറ്റിയിരുന്നു.
ഈ സമയം സ്ത്രീകളടക്കം കുടുംബമായെത്തിയ ഒട്ടേറെപ്പേർ അവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ജീവനക്കാരെത്തി കാൽ താഴ്ത്തിയിരിക്കാൻ ആവശ്യപ്പെട്ടതോടെ ഉച്ചത്തിൽ അസഭ്യം പറയാൻ തുടങ്ങി.
ഷാപ്പുടമ ജോർജ് വർഗീസ് ഒരു സ്റ്റൂളുമായെത്തി കാൽ കയറ്റി വയ്ക്കണമെങ്കിൽ ഇതിൽ ആയിക്കോളൂ,
മേശയിൽനിന്നു കാൽ മാറ്റണമെന്നു പറഞ്ഞതോടെ ഇവർ സംഘർഷമാരംഭിച്ചു. ജോർജ് വർഗീസിനെയും ജീവനക്കാരെയും മർദ്ദിച്ചു.
പോലീസിനെ അറിയിക്കുന്നു
അഞ്ചു മണിയോടെ ഷാപ്പിൽ സംഘർഷം നടക്കുന്ന വിവരം ഏറ്റുമാനൂർ പോലീസിൽ വിളിച്ചറിയിച്ചു. കുറെ നേരത്തെ സംഘർഷത്തിനു ശേഷം അക്രമികൾ മടങ്ങി.
പിന്നീട് കൂടുതൽ ഗുണ്ടകൾ അതിരന്പുഴയിലെ ബാറിനു സമീപം കേന്ദ്രീകരിച്ച് നിൽക്കുന്നതായി അറിഞ്ഞു. വിവരം പോലീസിനെ അറിയിച്ചുകൊണ്ടിരുന്നു. എന്നാൽ പോലീസ് എത്തുന്നില്ല.
പരാതി എഴുതി നൽകണമെന്ന്
നേരിട്ടg വന്നു പരാതി എഴുതി നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി ജോർജ് വർഗീസ്. ഗുണ്ടകളുടെ ഭീഷണി നിലനിൽക്കെ ജീവൻ കൈയിൽപിടിച്ച് രാത്രി ഏഴു മണിക്ക് സ്റ്റേഷനിലെത്തി പരാതി എഴുതി നൽകി.
എന്നിട്ടും പോലീസ് എത്തിയത് ഒന്പതു മണിക്ക്. ഇതിനിടെ ഷാപ്പ് അടച്ചു പോകുന്ന തന്നെയും ജീവനക്കാരെയും കാത്ത് ഗുണ്ടകൾ ഓട്ടോറിക്ഷയിൽ എത്തിയതായി വിവരം ലഭിച്ചു.
ഒടുവിൽ താനും ജീവനക്കാരും രാത്രി 11നുശേഷം ഒന്നിച്ചാണ് ഷാപ്പിൽ നിന്നും പോയതെന്ന് ജോർജ് വർഗീസ് പറഞ്ഞു.
നിയമം കൈയിലെടുത്തത് എന്തിനെന്ന് പോലീസ്
ഷാപ്പിൽ ഗുണ്ടകളുടെ മർദനമേൽക്കാതെ തങ്ങൾ ചെറുത്തു നിന്നപ്പോൾ അക്രമികൾക്ക് ചില്ലറ പരിക്കേറ്റു.
ഇതിന്റെ പേരിൽ നിയമം കൈയിലെടുക്കാൻ നിങ്ങൾക്ക് എന്ത് അവകാശമെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചതായി ജോർജ് വർഗീസ് പറയുന്നു.
നാട്ടുകാർ ചോദിച്ചു പോകുന്നു സാർ. ഈ ഗുണ്ടകളിൽ നിന്ന് നിങ്ങളല്ലാതെ മറ്റാര് ഞങ്ങളെ സംരക്ഷിക്കും. നിയമം കൈയിലെടുക്കാൻ ഞങ്ങൾക്കാവില്ലല്ലോ. ഒടുവിൽ വാദി പ്രതിയാകുമോ സാർ?