ഏറ്റുമാനൂർ: പോലീസ് സ്റ്റേഷനിലും യാതൊരു കൂസലുമില്ലാതെ ഗുണ്ടകൾ. അതിരമ്പുഴയിലെ റസ്റ്ററന്റിൽ ആക്രമണം നടത്തിയതിന് അറസ്റ്റിലായ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽവച്ച് റസ്റ്ററന്റ് ഉടമയെ ഭീഷണിപ്പെടുത്തി.
തന്ന പണി ഇഷ്ടപ്പെട്ടു. പുറത്തിറങ്ങുമ്പോൾ പണി എട്ടായി തിരിച്ചു തരും എന്നായിരുന്നു ജോർജ് വർഗീസിനു നേരേയുള്ള ഭീഷണി.
മയക്കുമരുന്ന് ലഹരിയിൽ വീട് അടിച്ചുതകർക്കുകയും പോലീസ്, എക്സൈസ് സംഘങ്ങളെ ആക്രമിക്കുകയും ചെയ്തിട്ടുള്ള ഗുണ്ടകളുടെ ഭീഷണി അവഗണിക്കാവുന്നതല്ല.
ഏതു സമയവും ഇവരുടെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നു കഴിയേണ്ട അവസ്ഥയിലാണിപ്പോൾ ജോർജ് വർഗീസ്.
കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
അതിരമ്പുഴയിൽ നടന്ന കഞ്ചാവ്, മയക്കുമരുന്ന് മാഫിയ ഗുണ്ടാ ആക്രമണം നടത്തിയ ഭക്ഷണശാല ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം സന്ദർശിച്ചു. അതീവ ഗൗരവത്തോടെയാണ് കോൺഗ്രസ് ഈ സാമൂഹ്യ പ്രശ്നത്തെ കാണുന്നത്.
ഇതിനെതിരേ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ. ജി. ഹരിദാസ്, അഗസ്റ്റിൻ പണ്ടാരക്കളം, മണ്ഡലം പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, ടി.എസ്. അൻസാരി, ജിതിൽ വേകത്താനം തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
റസ്റ്ററന്റ് സന്ദർശിക്കുന്നതിനും ഉടമ ജോർജ് വർഗീസിന് പിന്തുണ അറിയിക്കുന്നതിനുമായി വിദൂരസ്ഥലങ്ങളിൽനിന്നു പോലും ആളുകൾ എത്തുന്നു.
ഇന്നലെ ചാലക്കുടിയിൽനിന്നും തിരുവനന്തപുരത്തുനിന്നും ഉൾപ്പെടെ ആളുകളെത്തി.പോലീസും എക്സൈസും ജാഗ്രതയോടെ രംഗത്തുണ്ട്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഇന്നലെ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. പോലീസിന്റെ പട്രോളിംഗുമുണ്ട്.
ഒറ്റക്കെട്ടായി നേരിടണം: വ്യാപാരികൾ
ഒരു നാടിനുതന്നെ ഭീഷണിയായി മാറിയ ലഹരി മാഫിയയ്ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നു വ്യാപാരികൾ. ശക്തമായ ജനകീയ പ്രതിരോധം ഉയർത്താൻ യുവജന സംഘടനകൾ രംഗത്തിറങ്ങണം.
ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നൽകണമെന്നും വ്യാപാരികൾ പറഞ്ഞു.
ഗുണ്ടകൾക്കു വേണ്ടി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഇടപെടുന്നു എന്ന ആക്ഷേപം ശക്തമായുണ്ട്. ഇത്തരം കേസുകളിൽ പോലീസ് ബാഹ്യ ഇടപെടലുകൾക്ക് വഴങ്ങരുതെന്നും ആവശ്യമുയർന്നു.