ചെന്നൈ: മലയാളിയായ ഗുണ്ടാനേതാവ് ബിനു പിറന്നാളാഘോഷം നടത്തിയത് തന്റെ എതിർ ഗ്രൂപ്പിൽപ്പെട്ട രണ്ടു ഗുണ്ടകളെ കൊല്ലാൻ പദ്ധതിയിട്ടെന്ന് പോലീസ്. പിറന്നാള് ആഘോഷങ്ങൾക്കിടെ ഇവരെ തന്ത്രപരമായി കൊല്ലാനായിരുന്നു പദ്ധതി.
എന്നാൽ ഈ വിവരം മനസിലാക്കിയ ഇവർ ആഘോഷത്തിൽ പങ്കെടുത്തില്ലെന്നാണ് സൂചന. വേലു ലോറിത്താവളത്തിന് സമീപമായിരുന്നു ആഘോഷം. ഇവിടെ പോലീസ് നടത്തിയ ഒാപ്പറേഷനിൽ 75 ഗുണ്ടകളെ പിടികൂടിയിരുന്നു. ഇവരിൽ 20 പേർ കോളജ് വിദ്യാർഥികളാണെന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് നടത്തിയ തെരച്ചിലിൽ സമീപത്തു നിന്ന് 400 കിലോ രക്ത ചന്ദനവും കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടവരെ തേടി കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മലയാളിയായ ഗുണ്ടാനേതാവ് ബിനു തന്റെ പിറന്നാളാഘോഷം നടത്തിയത്. വടിവാൾ ഉപയോഗിച്ച് കേക്കുമുറിച്ചായിരുന്നു ബിനുവിന്റെ ആഘോഷം. ബിരിയാണിയും മദ്യവും അടക്കം വൻ ക്രമീകരണങ്ങളാണ് ആഘോഷങ്ങൾക്കായി ഒ രുക്കിയിരുന്നത്.
ഇതിനിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. മാങ്ങാട്, കുൻഡ്രത്തൂർ, പൂനമല്ലി, നസ്രത്ത്പേട്ട്, പോരൂർ തുടങ്ങിയ സ്റ്റേഷനുകളിൽനിന്നുള്ള പോലീസുകാർ അടങ്ങുന്ന സംഘമാണ് പിറന്നാളാഘോഷം നടക്കുന്ന സ്ഥലം വളഞ്ഞത്. കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയിലും മറ്റുമായി 200 പേർ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നതായി പോലീസ് പറഞ്ഞു.
പ്രസ് സ്റ്റിക്കറുകളും അഡ്വക്കേറ്റുമാരുടെ സ്റ്റിക്കറുകളും പതിച്ച വാഹനത്തിലായിരുന്നു ഗുണ്ടകളിൽ ഭൂരിഭാഗത്തിന്റെയും സഞ്ചാരം. നിരവധി വ്യാജ പ്രസ് ഐഡി കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
പങ്കെടുത്തവരിൽ ഗുണ്ടകളും ഇവരുടെ സഹായികളുമായിരുന്നു. എട്ടു കാറുകൾ, 45 ബൈക്കുകൾ, 88 മൊബൈൽ ഫോണുകൾ, വടിവാളുകൾ, കത്തികൾ തുടങ്ങിയവയും പിടിച്ചെടുത്തു.