ആലുവ: തൊട്ടടുത്ത ദിവസങ്ങളിലായി കേരളത്തിലരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം പ്രതികളായവർക്ക് അഭയം നൽകിയെന്ന സൂചനയെ തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് പരിധിയിലെ ഗുണ്ടാസംഘങ്ങൾ കർശന നിരീക്ഷണത്തിൽ.
പ്രമാദമായ പല കേസുകളിലെയും പ്രതികളെ ഇനിയും പിടികൂടാൻ കഴിയാത്തത് അന്വേഷണ സംഘങ്ങളെ സമ്മർദത്തിലാക്കിയ സാഹചര്യത്തിലാണ് അയൽ ജില്ലകളിലെ പോലീസിന്റെ സഹായം തേടിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തലവൻമാരെയടക്കം സ്റ്റേഷനുകളിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരികമാണ്.
തൊട്ടടുത്ത ദിവസങ്ങളിൽ മാത്രമായി തൃശൂർ ജില്ലയിൽ മാത്രം ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രാഷ്ട്രീയ കൊലപാതകവുമുണ്ട്. ക്രിമിനലുകൾക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായിട്ട് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.
കൊലയാളി സംഘത്തിലെ ചിലർക്ക് ഒളിത്താവളം ഒരുക്കി കൊടുത്തതും ജില്ലയിലെ ഗുണ്ടാസംഘങ്ങളാണെന്നാണ് സൂചന. ഇതിനകം റൂറലിൽ മാത്രം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 23 പേരെ നാടുകടത്തുകയും 11 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
നാനൂറിനടുത്ത് ഗുണ്ടകൾ!
മൂന്ന് വിഭാഗങ്ങളായിട്ട് തരം തിരിച്ചാണ് റൂറലിൽ ഗുണ്ടാ പ്രവർത്തകരെ നേരിടുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുള്ളത്. 37 സ്റ്റേഷനുകളിലായി നാനൂറിനടുത്ത് ഗുണ്ടകൾ ഉണ്ടെന്നാണ് കണക്ക്.
ഗുണ്ടകളെ പ്രധാന ഉദ്യോഗസ്ഥർ അതാത് സ്റ്റേഷനുകളിൽ വിളിച്ചു വരുത്തി ഇപ്പോഴത്തെ ജീവിതരീതികൾ വിലയിരുത്തി വിവരങ്ങൾ റിക്കാർഡാക്കി വരികയാണ്. മൊബൈൽ ഫോണുകൾക്ക് സൈബർ സെല്ലിന്റെ നിരീക്ഷണവുമുണ്ട്.
ജാമ്യം നേടി പുറത്തിറങ്ങിയവർ കോടതി നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചു വരികയാണ്. നിയമം ലംഘിച്ചവരെ കാപ്പ ചുമത്തി ജയിലിലാക്കാനും തുടങ്ങിയിട്ടുണ്ട്.
2020 ജൂൺ 23ന് പാലക്കാട് വിനോദെന്ന ശിവസേനക്കാരൻ എസ്ഡിപിഐക്കാരാൽ കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഈ കൊല്ലത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് തൃശൂരിൽ ആദർശ്, നിധിൽ എന്നീ ആർഎസ്എസ്- ബിജെപി പ്രവർത്തകർ സിപിഎമ്മുകാരാൽ വധിക്കപ്പെട്ടു.
ഏറ്റവും ഒടുവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് തൃശൂരിൽ ബിജെപി ക്കാരാൽ കൊല്ലപ്പെടുകയായിരുന്നു. ഈ കൊലപാതകങ്ങളിലേയെല്ലാം കൂടുതൽ പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
പ്രതികൾക്ക് മറ്റു ജില്ലകളിലുള്ള ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധമാണ് വ്യാപകമായ അന്വേഷണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.