സ്വന്തംലേഖകന്‍
കോഴിക്കോട്: ന്യൂജന്‍ മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്താംഫിറ്റമിന്‍ (എംഡിഎംഎ) വിതരണത്തിന്റെ മുഖ്യസൂത്രധാരന്‍ പോലീസ് ‘സുരക്ഷ’. തമിഴ്നാട് തിരുവാരൂര്‍ സ്വദേശിയും കേസിലെ മുഖ്യകണ്ണിയുമായ വിനോദ്കുമാറിനാണ് പോലീസിലും അടുത്ത ബന്ധമുള്ളത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നാട്ടിലാണ് കേരള പോലീസ് മണിക്കൂറുകളോളം അഗ്നിപരീക്ഷണം നേരിട്ടത്. 44 ഗ്രാം എംഡിഎംഎയുമായി ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്ത എളേറ്റില്‍ സ്വദേശികളായ നൗഫല്‍ (33), അന്‍വര്‍ തസ്നിം (30), കട്ടിപ്പാറ സ്വദേശി മന്‍സൂര്‍ (35) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് തമിഴ്നാട്ടിലെ തിരുവാരൂര്‍ സ്വദേശി വിനോദ്കുമാറിനെയും ചെന്നൈ മുതലിപ്പേട്ട് സ്ട്രീറ്റില്‍ റംസാന് അലിയെയും കുറിച്ച് വിവരം ലഭിക്കുന്നത്.
മഫ്തി പോലീസ് ചെയ്തത്…
റംസാന് അലിയെ പിടികൂടിയ മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്നീട് തിരുവാരൂറിലേക്ക് പുറപ്പെട്ടു. ഇവിടുത്തെ പോലീസ് സ്റ്റേഷനില്‍ എത്തി സഹായം ആവശ്യപ്പെട്ടു. വിനോദ്കുമാറിന്റെ ഗ്രാമത്തിലേക്ക് കടക്കാന്‍ പോലും തിരുവാരൂര്‍ പോലീസിന് ഭയമായിരുന്നു.
രണ്ടു മണിക്കൂറോളം സംസാരിച്ചതിനുശേഷം അര്‍ധ രാത്രിയോടെ വീട് കാണിച്ചുതരുവാന്‍ ഒരു പോലീസുകാരനെ നിയോഗിച്ചു. യൂണിഫോമില്‍ പോലും ഇയാള്‍ ഗ്രാമത്തിലേക്ക് വരാന്‍ തയാറായില്ല. മഫ്തിയില്‍ ബൈക്കില്‍ എത്തിയ ശേഷം ദൂരെ നിന്ന് കേരള പോലീസിനു വീട് കാണിച്ചു. പിന്നീട് ഇവര്‍ മുങ്ങുകയും ചെയ്തു.
വീട്ടിലെത്തിയ പോലീസ് സംഘം വിനോദ്കുമാറിനെ കസ്റ്റഡിയിലെടുക്കണമെന്നറിയിച്ചതോടെ വീട്ടിലുള്ളവരും നാട്ടുകാരും കൂടി. കൊണ്ടുപോവാന്‍ സമ്മതിക്കില്ലെന്നും പോലീസ് ജീപ്പ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരസ്യഭീഷണിയെ തുടര്‍ന്ന് പോലീസ് സംഘം തിരുവാരൂര്‍ സ്റ്റേഷനിലെ പോലീസുകാരുടെ മൊബൈലില്‍ വിളിച്ചു.
എന്നാലവര്‍ ഫോണെടുക്കാന്‍ തയാറായില്ല. മണിക്കൂറുകളോളം ജനങ്ങള്‍ പോലീസിനെ ബന്ദികളാക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ വിനോദ്കുമാറിനെ കസ്റ്റഡിയിലെടുക്കാതെ പോലീസ് തിരിച്ചു പോന്നു. അതേസമയം വിനോദ്കുമാറിന് രാഷ്ട്രീയ സ്വാധീനവും ഉണ്ടാവുമെന്നാണ് പോലീസ് പറയുന്നത്.
അതിനാലാണ് തമിഴ്നാട് പോലീസ് പോലും വിനോദ്കുമാറിനെ പിടികൂടാന്‍ സഹായിക്കാതിരുന്നത്. അതേസമയം കോടതി വഴി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് വിനോദ്കുമാറിനെ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തന്നെ പിടികൂടാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്.