അന്പലപ്പുഴ: 2019 ലെ കാകൻ മനു വധക്കേസിലെ മുഖ്യപ്രതിയായ അപ്പാപ്പൻ പത്രോസ് എന്ന് വിളിക്കുന്ന പത്രോസ് ജോണ്‍ (31)നെയാണ് ഗുണ്ടാ നിയമപ്രകാരം പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ കഞ്ചാവ് കേസിൽ മൂന്നു മാസ കാലത്തെ ശിക്ഷ പൂർത്തിയാക്കി ജയിൽമോചിതനായ ഉടനെ ആലപ്പുഴ ജില്ലാ ജയിൽ പരിസരത്തു വെച്ചാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയക്കും. ഇതിന് മുന്‍പ് രണ്ടു തവണ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് അയച്ചിട്ടുള്ള ആളാണ് പത്രോസ്. അതിനുശേഷവും നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയായിരുന്നു.
കാകൻ മനു വധക്കേസിനുശേഷവും അതിലെ സാക്ഷിയെ ആക്രമിച്ചതിലേക്കും മറ്റൊരാളെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയായി ജയിലിൽ കഴിയവേയാണ് കഞ്ചാവ് കേസിൽ ഇയാളെ ശിക്ഷിക്കുന്നത്.
പുന്നപ്ര പോലീസ് ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, എസ് ഐ മാരായ ബിജു, നാരായണൻ ഉണ്ണി, സിപിഒമാരായ സതീഷ്, ബിപിൻ, ഹാരിസ്, ചരണ്‍ ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജയിലിൽ നിന്ന് ഇറങ്ങിയാൽ കൂട്ടുകാരോടൊപ്പം ഒളി താവളത്തിലേക്ക് മാറാനായി സാധ്യതയുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ ജയിലിനു സമീപം രാവിലെ മുതൽ തന്നെ പോലീസിനെ വിന്യസിച്ചിരുന്നു.
ജയിലിൽ നിന്നിറങ്ങി അവിടെ നിന്നും രക്ഷപ്പെടുന്നത് മുന്‍പ് പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.