കോട്ടയം: ഏറ്റുമാനൂർ, അതിരന്പുഴ, ഗാന്ധിനഗർ പ്രദേശങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്നത് പോലീസിനു തലവേദനയാകുന്നു. ലോക്ക് ഡൗണിനുശേഷം വൻതോതിലാണ് ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചിരിക്കുന്നത്.
അടുത്ത നാളിൽ പുതുതായി നിരവധി പേരാണ് ഗുണ്ടാ സംഘങ്ങളിലേക്ക് എത്തുന്നത്. ഇവരിൽ ഭൂരിഭാഗം പേരും പ്രായപൂർത്തിയാകാത്തവരാണ്. കഴിഞ്ഞ ദിവസം അതിരന്പുഴയിൽ സ്വകാര്യ സ്ഥാപനം തല്ലി തകർക്കുകയും പുറത്തു കിടന്ന വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്ത സംഭവമാണ് ഈ മേഖലയിൽ അവസാനം നടന്ന ഗുണ്ടാ ആക്രമണം.
ഗുണ്ടസംഘത്തിൽപ്പെട്ടവരുടെ വീടുകൾ ആക്രമിക്കുന്നതും പല ഗ്രൂപ്പുകളിലുള്ള ഗുണ്ടകൾ പരസ്പരം പക വീട്ടുന്നതും ഈ മേഖലകളിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഒരു കേസിൽ ജയിലിലായിരുന്ന ഗുണ്ട സംഘത്തലവൻ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം യുവാവിനെ തട്ടിക്കൊണ്ടു പോവുകയും രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു മർദിച്ച് അവശനാക്കുകയും ചെയ്തിരുന്നു.
ഈ കേസിൽ പോലീസ് പിടികൂടിയ ചില ഗുണ്ടാ നേതാക്കൾ ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഇയാൾക്കു ജയിലിനു മുന്നിൽ സ്വീകരണം നല്കിയും ഫേസ്ബുക്ക് ലൈവിട്ടുമാണ് സഹപ്രവർത്തകർ ആഘോഷം നടത്തിയത്. ഇതിനുശേഷം പഴയ വൈരാഗ്യം തീർക്കാൻ ഗുണ്ടകൾ ജില്ലാ ആശുപത്രിയിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്്ടിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങൾക്കു മുന്പാണ് ഗാന്ധിനഗറിൽ കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ടയാളുടെ വീട് രാത്രിയിൽ ഒരു സംഘം അടിച്ചുതകർത്തത്. വീട്ടിനുള്ളിലുണ്ടായിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ പകവീട്ടാൻ എതിർ ഗുണ്ടാ സംഘത്തിൽപ്പെട്ടയാളുടെ വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു.
നാളുകൾക്കു മുന്പാണ് ഏറ്റുമാനൂർ വെട്ടിമുകൾ കവലയിലുള്ള ഹോട്ടൽ ഒരു സംഘം അടിച്ചു തകർത്തത്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് ഈ ആക്രമണത്തിനു പിന്നിൽ പ്രായപൂർത്തിയാകാത്ത നിരവധിപേർ ഉൾപ്പെട്ടെ പ്രദേശത്ത് പുതുതായി രൂപംകൊണ്ട് പുതിയ ഗുണ്ടാസംഘമാണെന്നാണ്.
ഈ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി ആക്രമണങ്ങൾ അരങ്ങേറുന്ന ഏറ്റുമാനൂരിലും സമീപ പ്രദേശങ്ങളിലും പ്രായപൂർത്തിയാകാത്ത നിരവധി യുവാക്കൾ ഗുണ്ടാ സംഘങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
ജില്ലയിലെ മുഴുവൻ ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നത് അയ്മനം, പനന്പാലം, ആർപ്പുക്കര പ്രദേശത്തുള്ള ചില കുപ്രസിദ്ധ ഗുണ്ടകളാണ്. ഗുണ്ടാതലവൻമാർക്കു വേണ്ടി വൻതോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകളും ജില്ലയിൽ എത്തുന്നതായുള്ള വിവരവും പോലീസ് സ്ഥിരീകരിച്ചിരുന്നു.
കുപ്രസിദ്ധ ഗുണ്ടയുടെ ബംഗളൂരുവിലെ ബന്ധങ്ങൾ ഉപയോഗിച്ചാണ് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിക്കുന്നത്. ബ്ലേഡ് മാഫിയ സംഘങ്ങളാണ് ജില്ലയിലെ ഗുണ്ടകൾക്കു ആവശ്യമായ സംരക്ഷണം ഒരുക്കുന്നതെന്നും പോലീസ് പറയുന്നു.