കോട്ടയം: പുതുവർഷത്തിൽ ജില്ലയിൽ പുതിയ ഗുണ്ടാ ലിസ്റ്റ് വരുന്നു. ഗുണ്ടകളെ നേരിടാൻ പുതിയ പ്രത്യേക സ്ക്വാഡ് ജില്ലകൾ തോറും രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ രൂപീകരിച്ച പുതിയ ഗുണ്ടാ സ്ക്വാഡാണ് നിലവിലുള്ള ഗുണ്ടകളുടെ ലിസ്റ്റ് പരിഷ്ക്കരിക്കുന്നത്.
നിലവിലുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 374 ഗുണ്ടകളാണ് ലിസ്റ്റിലുള്ളത്. ഈ ലിസ്റ്റാണ് പുതിയ ഗുണ്ടാ സ്ക്വാഡ് പരിഷ്ക്കരിക്കുന്നത്. നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.എം. ജോസിനാണ് പുതിയ ഗുണ്ടാ സ്ക്വാഡിന്റെ ചുമതല.
ഇതിനു പുറമേ ഓരോ പോലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ, രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സ്ക്വാഡിൽ അംഗങ്ങളാണ്.കഞ്ചാവ്, ലഹരിമരുന്ന് കേസുകൾ, ക്വട്ടേഷൻ ആക്രമണങ്ങൾ, സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ, രാഷ്്ട്രീയ ആക്രമണങ്ങൾ തുടങ്ങി സംഘടിത കുറ്റകൃത്യങ്ങളിലായി രണ്ടിലധികം കേസുകളിൽ ഉൾപ്പെട്ടവരെയാണ് പുതിയ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഇത്തരത്തിലുള്ളവരുടെ ലിസ്റ്റുകൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ ഇവരുടെ ഇപ്പോഴത്തെ ജോലി, താമസം, പ്രവർത്തനങ്ങൾ തുടങ്ങിയവ ചേർത്ത് വിശദമായ റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും പുതിയ അന്തിമ ഗുണ്ടാ ലിസ്റ്റ് തയാറാക്കുന്നത്.
പുതിയ ലിസ്റ്റ് തയാറാക്കുന്നതോടെ ജില്ലയിൽ നിന്നുള്ള ഗുണ്ടകളുടെ എണ്ണം വർധിച്ചേക്കുമെന്നാണ് സൂചന.ജില്ലയിലെ പ്രധാന ഗുണ്ടകളെല്ലാം ജയിലിലാണ്. ചിലരെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇവരുടെ സംഘത്തിൽപ്പെട്ട മറ്റുള്ളവരാണ് ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നത്.
ക്വട്ടേഷൻ ആക്രമണങ്ങളും കഞ്ചാവ് മയക്കുമരുന്നുകളുടെ വിൽപ്പനയും, പണം തട്ടിയെടുക്കലുമാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ.പുതിയ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ്.