പാലക്കാട്: കണ്ട്രോൾ റൂം പോലീസുകാരെ ആക്രമിക്കുകയും, മുൻ മുനിസിപ്പൽ കൗണ്‍സിലർ ശബരിയെ തലയ്ക്കടിച്ചു വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഒരുമാസത്തോളമായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പാലക്കാട് മുത്താന്തറ കോഴിപ്പറന്പ് സുരേഷ് എന്ന നായ സുര (29)യെയാണ് പ്രത്യേക അന്വേഷണ സംഘം പഴനിയിൽനിന്നാണ് അറസ്റ്റുചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനുശേഷ മായിരിക്കും ഇന്ന് കോടതിയിൽ ഹാജ രാക്കുക.
കഴിഞ്ഞ മാർച്ച് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കന്തറ ചുണ്ണാന്പുതറ റോഡിലൂടെ മദ്യപിച്ച് ബൈക്കിൽ വരികയായിരുന്ന സുരേഷും സുഹൃത്ത് സ്കോർപിയോ ഗിരീഷും പോലീസ് തടഞ്ഞുനിർത്തി ചോദിച്ചതിലുള്ള ദേഷ്യത്തിൽ കണ്ട്രോൾ റൂം പോലീസുകാരായ സിപിഒ മഹേഷ്, അരുണ്‍ എന്നിവരെ ക്രൂരമായി മർദിച്ചതിനുശേഷം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പോകുന്ന വഴിക്കു മുത്താന്തറ ആൽത്തറയിൽ നിൽക്കുകയായിരുന്ന മുൻ കൗണ്‍സിലറും വ്യാപാരി വ്യവസായി ഏകോപന സമിതി മേലാമുറി യൂണിറ്റ് സെക്രട്ടറിയുമായ ശബരിയെ സോഡാ കുപ്പി ഉപയോഗിച്ച് തലയിൽ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഗിരീഷിനെ തൊട്ടടുത്ത ദിവസം അറസ്റ്റു ചെയ്തിരുന്നു. സുരേഷ് തമിഴ്നാട്ടിലേക്കു മുങ്ങുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നു പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
ഈ സമയം പ്രതിക്കു കൂട്ടുകാർ മുഖേന സാന്പത്തിക സഹായം ലഭിക്കുന്നതായി കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ പഴനി, മധുര, തിരുച്ചെന്തൂർ, തൂത്തുക്കുടി, പോണ്ടിച്ചേരി, ചെന്നൈ, തിരുപ്പതി, ഹൈദരാബാദ്, തിരുച്ചി എന്നിവിടങ്ങളിലായി മാറിമാറി ഒളിവിൽ കഴിഞ്ഞുവരുന്നതായി സൈബർ സെൽ സഹായത്തോടെ കണ്ടെത്തി. തുടർന്ന് ടൗണ്‍ നോർത്ത് എസ്ഐ രഞ്ജിത്തും ക്രൈം സ്വകാഡ് അംഗങ്ങളും പഴനിയിൽ ക്യാന്പ് ചെയ്ത് പിന്തുടർന്ന് തന്ത്രപരമായി പിടികൂടുകയായിരുന്നു.
സ്ഥിരം കുറ്റവാളിയായ നായ സുര ഗുണ്ടാ നിയമപ്രകാരം ഒരുവർഷത്തോളം വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച ആളാണ്. ഇയാൾക്കെതിരെ പത്തോളം കേസുകൾ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ട്. ഗിരീഷിനെതിരെയും നേരത്തെ കേസുകളുണ്ട്.
പാലക്കാട് എഎസ്പി ജി.പൂങ്കുഴലിയുടെ മേൽനോട്ടത്തിൽ ടൗണ്‍ നോർത്ത് സി ഐ ആർ ശിവശങ്കരൻ, എസ്ഐ രഞ്ജിത്, എഎസ്ഐ ഷേണു, ക്രൈം സ്ക്വാഡ് അംഗങ്ങളായ ടി.എ.ഷാഹുൽ ഹമീദ്, കെ.നന്ദകുമാർ, ആർ.കിഷോർ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്.