നിരവധി കൊലക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവന്റെ ജയിൽമോചനം ‘ആവേശ’മാക്കി കൊടുംക്രിമിനലുകൾ. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയിൽ അറുപതോളം പേരാണ് പങ്കെടുത്തത്. ആവേശം സിനിമയിലെ ‘എട മോനേ’എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയിൽ ഗുണ്ടകൾ പുറത്തിറക്കിയ റീലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ആഡംബരവാഹനത്തിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് അടിപൊളിവേഷത്തിൽ ഗുണ്ടാത്തലവൻ വന്നിറങ്ങുന്നതുമുതൽ, ആവേശത്തോടെ സ്വീകരിക്കുന്നതും മദ്യക്കുപ്പികൾ അടങ്ങിയ കെയ്സുകൾ കൊണ്ടുപോകുന്നതും ഏറ്റുമൊടുവിൽ ഗ്രൂപ്പ് ഫോട്ടോയും റീൽസ് ആക്കിയാണ് സോഷ്യൽ മീഡിയിൽ ഷെയർ ചെയ്തത്.
അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ അടുത്തിടെയുണ്ടായ നിരവധി ഗുണ്ടാ ആക്രമണങ്ങളിൽ പങ്കെടുത്ത സംഘത്തിലെ നേതാവിനെ അടുത്തിടെ കൊലപാതകക്കേസിൽ കോടതി വിട്ടയച്ചിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ സുഹൃത്തുക്കൾക്കും കൂട്ടാളികൾക്കുമായി നടത്തിയ ലഹരിപാർട്ടിയാണു വിവാദമാകുന്നത്.
പോലീസ് ജീപ്പിനരികിൽ നേതാവ് നിൽക്കുന്ന ദൃശ്യവും റീലിലുണ്ട്. വരടിയത്തെ കോൾമേഖലയിലെ ഒരു പാടത്തിനരികിലായിരുന്നു ആഘോഷം. ഈ മേഖലയിലുണ്ടായ കൊലപാതകങ്ങൾക്കു പിന്നാലെ ഗുണ്ടാസംഘങ്ങൾ രമ്യതയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണു പ്രധാന നേതാവ് പുറത്തിറങ്ങിയപ്പോൾ ആഘോഷമൊരുക്കിയത്.
കെയ്സ് കണക്കിനു മദ്യക്കുപ്പികൾ ചുമലിൽവച്ചു കൊണ്ടുപോകുന്നതും വന്നിറങ്ങുന്ന നേതാവിനെ ആവേശത്തോടെ ആലിംഗനംചെയ്തു സ്വീകരിച്ച് ആനയിക്കുന്നതുമെല്ലാം സിനിമാ ടീസറിനെ വെല്ലുന്ന രീതിയിലാണു ചിത്രീകരിച്ചിട്ടുള്ളത്.
ജില്ലയിലെ ക്രിമിനൽ – ക്വട്ടേഷൻ സംഘാംഗങ്ങൾക്കിടയിൽ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജില്ലയിൽ ക്വട്ടേഷൻ, ഗുണ്ടാ ആക്രമണങ്ങൾ ഇടക്കാലത്തു നിലച്ചെങ്കിലും അടുത്തിടെ വ്യാപകമായിട്ടുണ്ട്.