കോട്ടയം: റെയിൽവേ സ്റ്റേഷനു സമീപം ഗുണ്ടാ പിരിവിനെത്തിയവർ ബേക്കറി അടിച്ചു തകർത്ത സംഭവത്തിൽ ഓട്ടോ ഡ്രൈവർ അടക്കം മൂന്നു പേർ പിടിയിൽ. ഇവരെ ചോദ്യം ചെയ്തുവരുന്നു. ശാന്തിഗ്രാം കോളനിയിലുള്ള മൂന്നു പേരാണ് പിടിയിലായത്. സന്തോഷ് എന്നയാളുടെ ഓട്ടോയിലാണ് അക്രമികൾ എത്തിയത്. ഓട്ടോ ഡ്രൈവർക്ക് സംഭവത്തിൽ ബന്ധമില്ലെന്നു പറയുന്നു.
ഇന്നലെ രാത്രി ഒൻപത് മണിയോടെ ആർഎംഎസ് ഓഫീസിന് എതിർവശത്തുള്ള ബ്രദേഴ്സ് ബേക്കറിയാണ് ഓട്ടോയിൽ എത്തിയ നാലംഗ സംഘം അടിച്ചു തകർത്തത്. കടയിൽ നിന്നയാളോട് 100 രൂപ തരാൻ ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോൾ കുരുമുളക് സ്പ്രേ അടിച്ചശേഷം് ബേക്കറി അടിച്ചുതകർക്കുകയായിരുന്നു.
ബേക്കറി ഉടമ പാലക്കാട് കേളശേരി ലക്ഷ്മി നിലയം ടി.കെ.മണികണ്ഠൻ (55), ജീവനക്കാരൻ ആസം സ്വദേശി ഷാജഹാൻ (23) എന്നിവരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ജീവനക്കാരനായ രാജീവ് ആണ് തടസം പിടിക്കാൻ എത്തിയത്. മണികണ്ഠന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും സ്വർണ മാലയും അക്രമികൾ തട്ടിയെടുത്തതായി പരാതിയുണ്ട്.
ഓട്ടോയിൽ എത്തിയ അക്രമി സംഘം ആദ്യം പണം ആവശ്യപ്പെട്ടത് സമീപത്തു നിന്ന് ഒരു ഓട്ടോ ഡ്രൈവറോടാണ്. ഇയാളുടെ പക്കൽ പണം ഇല്ലെന്നു പറഞ്ഞപ്പോഴാണ് ബേക്കറിയിലേക്ക് കയറി വന്നത്. അക്രമത്തിനു ശേഷം നാഗന്പടം ബസ് സ്റ്റാൻഡ് ഭാഗത്തേക്കു പോയ പ്രതികളെ രാത്രി തന്നെ പോലീസ് പിടികൂടി. ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുമെന്ന് ഈസ്റ്റ് സിഐ സാജു വർഗീസ് അറിയിച്ചു.