നെടുമങ്ങാട്: പോലീസ് വിലക്ക് ലംഘിച്ച് നടത്തിയ ഗുണ്ടകളുടെ പാർട്ടി തടയാൻ ശ്രമിച്ച പോലീസിന് നേരേ ആക്രമണം. ആക്രമണത്തിൽ സിഐ, എസ്ഐ ഉൾപ്പെടെയുള്ള 5പൊലീസുകാർക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 12 ഗുണ്ടകളെ പോലീസ് പിടികൂടി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്നലെ രാത്രി പന്ത്രണ്ടോടെ നെടുമങ്ങാട് മുക്കോലയ്ക്കൽ ആണ് സംഭവം. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ ബന്ധുവിന്റെ ജന്മദിനാഘോഷത്തിലാണ് ഇരുപതിലേറെ ഗുണ്ടകൾ ഒത്തുകൂടിയതെന്ന് പോലീസ് പറഞ്ഞു.
ഇത്തരത്തിൽ ഗുണ്ടകളുടെ ഒത്തുചേരൽ ഉണ്ടാകുമെന്ന് അറിഞ്ഞ് പാർട്ടി നടത്തുന്നതിന് പോലീസ് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ വിലക്ക് ലംഘിച്ച് ഗുണ്ടകൾ ഒത്തുകൂടിയതോടെ ഗുണ്ടാ പാർട്ടി തടയുവാൻ ശ്രമിച്ച പോലീസിന് നേരേ ആക്രമണം ഉണ്ടാവുകയായിരുന്നു. നിരവധി ഗുണ്ടാ കേസുകളിലെ പ്രതികളാണ് ഒത്തുകൂടിയത്. കാപ്പാ കേസിലെ പ്രചിയാണ് സ്റ്റമ്പർ അനീഷ്.