വി. ശ്രീകാന്ത്
ഇടിമുഴക്കം പോലെയുള്ള ഇടി… മുഖം നോക്കാതെയുള്ള അടി… ഇതൊക്കെയാണോ പോലീസ്. ജനം ഇത് ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.
പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ആർക്കാണ് ഇവർക്ക് ലൈസൻസ് കൊടുത്തത്… പോലീസ് നടപടിയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ച തൃപ്പുണ്ണിത്തറയിലെ മനോഹരന്റെ മരണം കൂടി ആയപ്പോൾ ഈ ചോദ്യത്തിനൊപ്പം അരിശവും ജനങ്ങൾക്കിടയിൽ പതഞ്ഞ് പൊങ്ങുന്നുണ്ട്.
ഇന്നാട്ടിൽ എത്രയെത്ര കേസുകളുണ്ട്. വഴിയരികിൽ കാത്തുനിന്ന് പരിശോധന നടത്താൻ പോലീസ് കാട്ടുന്ന ഉത്സാഹം മറ്റ് കേസുകളുടെ തുടർച്ചയിൽ കാണാനില്ലല്ലോ എന്നും അവർ ചോദിക്കുന്നു.
തലസ്ഥാനത്ത് വഞ്ചിയൂരിൽ സ്ത്രീ ആക്രമിക്കപ്പെട്ടപ്പോൾ പേട്ട പോലീസ് കാട്ടിയ അനാസ്ഥ… കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി മാറ്റാൻ നടത്തിയ കേസിലെ പ്രതികളെ പിടികൂടാത്ത അവസ്ഥ… ഇങ്ങനെ ഇങ്ങനെ നീളുന്നു പോലീസ് അലസത കാട്ടുന്ന കേസുകളുടെ എണ്ണം.
അതാണ് പോലീസിന്റെ ലൈൻ!
കാക്കി യൂണിഫോമും ലാത്തിയും പിന്നെ പവറോട് കൂടിയുള്ള നടത്തവുമെല്ലാം കാണുന്പോൾ ജനങ്ങൾ പോലീസിനെ പേടിക്കണം. അതാണ് പോലീസിന്റെ ലൈൻ.
ആ കാക്കി യൂണിഫോമിലോട്ട് കയറിയാൽ പിന്നെ ആള് വേറെയാണ്. പിന്നെ ചുറ്റും കാണുന്നതെല്ലാം തങ്ങളുടെ കാൽചുവട്ടിലാണെന്ന മട്ട്… മുന്പിൽ പ്രശ്നങ്ങളുമായി വരുന്നവരെ പിഴിയാനും അവർക്ക് ഒരു മടിയുമില്ലെന്ന് അവർ എത്രയോ തവണ കാട്ടിത്തന്നിരിക്കുന്നു.
ജനങ്ങളോട് അടുത്ത് ഇടപഴകാനുള്ള അവസരം കൃത്യമായി വിനിയോഗിക്കുന്ന പോലീസുകാർ ഇല്ലായെന്ന് അല്ല. പക്ഷേ ബഹുഭൂരിപക്ഷവും ഈ 2023-ലും തലതിരിഞ്ഞ പോക്കാണ് പോകുന്നതെന്നാണ് ജന സംസാരം.
സസ്പെൻഷൻ മതിയോ?
മനോഹരൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിക്കുന്പോഴും അതിന് കാരണക്കാരനായി പോലീസുകാരന് സസ്പെൻഷൻ മാത്രം.
മുഖം നോക്കാതെ നടപടിയെടുക്കാറുള്ള പോലീസുകാർ അവരവരുടെ കാര്യം വരുന്പോൾ ഈ സസ്പെൻഷനിൽ എല്ലാം അങ്ങ് ഒതുക്കും.
അതുകൊണ്ടുതന്നെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരിച്ച് യൂണിഫോമിൽ കയറിയാൽ പിന്നെ പഴയ അഹങ്കാര നടപടികൾ തുടങ്ങുകയായി…
പവറിന്റെ ഹുങ്ക് വീണ്ടും അവർ വീണ്ടും തങ്ങളുടെ മേൽ തീർക്കില്ലെയെന്നാണ് പൊതുജനം ചോദിക്കുന്നത്. ഇത്തരം ചെയ്തികളുമായി ഡിപ്പാർട്ട്മെന്റിനുതന്നെ നാണക്കേട് ഉണ്ടാക്കുന്നവരുടെ കാക്കിക്കുപ്പായം എന്നന്നേക്കുമായി അഴിപ്പിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് പൊതുവേയുള്ള സംസാരം.
മാറണം പോലീസ്
ജനങ്ങളെ ബോധവത്കരിക്കുന്ന പോലീസുകാർക്ക് ഉടനടി ഒരു ബോധവത്കരണം അനിവാര്യമാണെന്നാണ് പോലീസിന്റെ ചെയ്തികൾ കാണുന്ന ഏതൊരാൾക്കും തോന്നുക.
സ്വയം തെറ്റ് തിരുത്തൽ നടപടിയിലേക്ക് കടന്ന് പോലീസ് ഡിപ്പാർട്ട്മെന്റിൽ തന്നെ ഒരു ശുദ്ധികലശം നടത്തിയാൽ ജനങ്ങൾക്ക് ഒരു താത്കാലിക ആശ്വാസം ഉണ്ടാകും
. ചുമ്മാ വന്ന് മെക്കിട്ട് കയറുന്ന പരിപാടി നിർത്തുക… വാഹനപരിശോധനയ്ക്കിടെ സംയമനം പാലിക്കുക… നിയമങ്ങൾ പോലീസുകാർക്ക് കൂടി ബാധകമാണ്… തുടങ്ങിയ വിഷയങ്ങളിൽ മനസിരുത്തിയാൽ പോലീസുകാർ ഒരു പരിധിവരെ മാറുമായിരിക്കും.