ആലപ്പുഴ: ക്വട്ടേഷൻ അക്രമ പരന്പരകൾക്കും കൊലപാതകങ്ങൾക്കുമൊപ്പം പട്ടാപ്പകൽ കവർച്ചയും വ്യാപകമായതോടെ ജില്ലയുടെ തെക്കൻമേഖലയിലെ ജനങ്ങൾ ഭീതിയിൽ. തുടരെത്തുടരെ കവർച്ചാ സംഭവങ്ങളുണ്ടായിട്ടും പ്രതികളെ പിടികൂടാനോ പൊതുജനങ്ങളുടെ സ്വത്തിന് സംരക്ഷണമെന്ന മൗലീകാവകാശം ഉറപ്പുവരുത്താനോ കഴിയാത്ത അവസ്ഥയിലാണ് പോലീസ്. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകമൂലം ഒന്നിലേറെ ജീവനുകളാണ് സമീപകാലത്ത് ഹരിപ്പാട് മേഖലയിൽ ഉണ്ടായിരിക്കുന്നത്.
ക്വട്ടേഷൻ സംഘങ്ങളുടെ തേർവാഴ്ചയ്ക്കുപരിഹാരം കാണുന്നതിനായി പ്രത്യേക സംഘത്തെത്തന്നെ ഹരിപ്പാട് മേഖലയിൽ നിയോഗിച്ചെങ്കിലും വീണ്ടും കൊലപാതകങ്ങളുണ്ടായത് പോലീസിനെ ഞെട്ടിച്ചിരുന്നു. തുടർന്ന് അക്രമികൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോയതിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ അതിക്രമങ്ങൾ കുറഞ്ഞതിനിടയിലാണ് പട്ടാപ്പകൽ മോഷണങ്ങൾ ഇപ്പോൾ കായംകുളത്ത് അരങ്ങേറിയത്. പൊതുനിരത്തുകളിലൂടെ സഞ്ചരിച്ചവരുടെ സ്വർണാഭരണങ്ങളാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.
തിരക്കേറിയ ജംഗ്ഷനുകളിലടക്കം ഇത്തരത്തിൽ മോഷണങ്ങൾ നടന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്നവരാണ് കവർച്ചയ്ക്കിരയായത്. മോഷണ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ പോലീസ് മേധാവി നേരിട്ട് കായംകുളത്ത് അടിയന്തിര യോഗം വിളിക്കുകയും കവർച്ചയ്ക്കുപിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
മോഷണങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് നഗരത്തിൽ പുതുതായി സിസിടിവി കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ അടുത്തദിവസം തന്നെ സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മാല പൊട്ടിക്കാൻ മോഷ്ടാക്കൾ ശ്രമിച്ചത് പോലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. കായംകുളത്ത് മാത്രമല്ല ആലപ്പുഴയിലും തുറവൂരിലും സമാനമായ മോഷണങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായി.
പൊതുനിരത്തിൽ സഞ്ചരിച്ചിരുന്നവർക്ക് മാത്രമല്ല വീടിനുള്ളിലുണ്ടായിരുന്നവർക്കും കവർച്ചയിൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ജനമൈത്രി അടക്കമുള്ള സംവിധാനങ്ങൾ നടപ്പാക്കിയെന്ന് കൊട്ടിഘോഷിക്കുന്പോഴും പൊതുജനങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾ സമീപകാലത്ത് ജില്ലയിൽ നടക്കുന്ന മോഷണങ്ങളിൽ ഭയഭീതരാണ്.