ഗാന്ധിനഗർ: മെഡിക്കൽ കോളജ് പരിസരങ്ങളിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം അവസാനിക്കുന്നില്ല. ഗുണ്ടാ തലവന്മാർ അകത്തായിട്ടും സംഘാംഗങ്ങൾ തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം പരസ്യമായി ഏറ്റുമുട്ടിയ ഗുണ്ടാസംഘങ്ങളിൽ മൂന്നു പേരെ ഗാന്ധിനഗർ പോലീസ് പിടികൂടി.
പെരുന്പായിക്കാട് വില്ലേജിൽ മള്ളൂശ്ശേരി തിടന്പൂർ അന്പലത്തിനു സമീപം താഴെപ്പള്ളി വീട്ടിൽ സത്യൻ മകൻ അനന്ദു സത്യൻ (23), ഓണംതുരുത്ത് വില്ലേജിൽ നീണ്ടൂർ കരയിൽ ഡെപ്യൂട്ടി കവല ഭാഗത്ത് ചെറുകര വീട്ടിൽ നാരായണൻ മകൻ അനന്ദു നാരായണൻ (23) ആർപ്പൂക്കര വില്ലേജിൽ കരിപ്പ ഭാഗത്ത് പുത്തൻവീട്ടിൽ വിശ്വനാഥൻ മകൻ വിശാഖ് വിശ്വനാഥൻ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപത്താണ് ഇവർ തമ്മിൽ ഏറ്റുമുട്ടിയത്.കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരായ അരുണ്‍ ഗോപന്റെയും അലോട്ടിയുടെയും സംഘത്തിൽ പെട്ടവരാണ് ഇവർ.
മുൻവൈരാഗ്യവും കുടിപ്പകയുമാണ് ഏറ്റുമുട്ടാൻ കാരണമായതെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. പ്രതികളെ റിമാന്റ് ചെയ്തു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഷിജി, എസ്ഐ സന്തോഷ് കുമാർ, എഎസ്ഐ മനോജ്, സിപിഒമാരായ പ്രവീണ്‍, പ്രവീണോ, രാഗേഷ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒളിവിൽ പോയ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷിച്ചുവരുന്നു.